ഷൊര്‍ണൂര്‍: (www.mediavisionnews.in) പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിക്കാന്‍ വിസമ്മതിച്ച ദര്‍സ് വിദ്യാര്‍ഥിക്കു നേരെ സംഘപരിവാറിന്റെ ക്രൂര ആക്രമണം. ചെറുതുരുത്തി നെടുംപുര സ്വദേശി മുബാറക്കിനാണ് (17) ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മുബാറക് വിസമ്മതിച്ചു. അതേ തുടര്‍ന്നാണ് സംഘപരിവാറിന്റെ ആക്രമണമുണ്ടായത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ച് തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം.
കോഴിക്കോട് മര്‍കസിനു കീഴിലുള്ള ദര്‍സുവിദ്യാര്‍ഥിയായ മുബാറക് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് സ്ഥാപനത്തിലേക്ക് തിരിച്ചുവരുമ്പോഴാണ് മര്‍ദനത്തിനിരയായത്. കോഴിക്കോട്ടേക്കു പോകാന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു. ട്രെയിന്‍ വൈകിയതിനാല്‍ പരിസരത്തുള്ള പള്ളിയില്‍ പോയി തിരിച്ചു വരുന്നതിനിടെ ഒരാള്‍ വന്നു പൗരത്വ നിയമ ഭേദഗതിയെ പറ്റി മുബാറകിനോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. മൊബൈലില്‍ വീഡിയോ ഓണ്‍ ചെയ്തുവെച്ചായിരുന്നു അയാളുടെ ഭീഷണിപ്പെടുത്തല്‍. മുഖം മറച്ച് കാവി മുണ്ടു ധരിച്ച ഒരാളായിരുന്നു ഭീഷണിപ്പെടുത്തിയതെന്ന് മുബാറക് പറയുന്നു.
‘പൗരത്വ ബില്ലിനെ ഞാനും അനുകൂലിക്കുന്നു’ എന്നു മുബാറകിനോട് പറയിപ്പിക്കാനും അതു വീഡിയോയില്‍ പകര്‍ത്താനുമായിരുന്നു മുഖംമൂടിക്കാരന്റെ ഉദ്ദേശം. എന്നാല്‍ ഭീഷണിക്ക് ഒരു തരത്തിലും നിന്നുകൊടുക്കാതെ മുബാറക് മുന്നോട്ട് നടക്കുകയായിരുന്നു. അതോടെ പരിസരത്തെ മതിലിന് അപ്പുറത്തായി ഒളിഞ്ഞിരുന്ന ആളുകള്‍ കൂട്ടമായി വന്ന് മുബാറകിനെ മര്‍ദിച്ചു. തലക്കടിയേറ്റ മുബാറക് പള്ളിയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ മുബാറകിനെ വള്ളുവനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക