(www.mediavisionnews.in): മുടികൊഴിച്ചിലും കഷണ്ടിയും പ്രധാന പ്രശ്നങ്ങളായി നേരിടുന്നവരാണ് യുവാക്കള്‍. മുടികൊഴിച്ചിലിനു പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തവരായി ചുരുക്കം ആളുകളെ ഉണ്ടാവൂ.
മുടി കൊഴിച്ചിലിനു പിന്നിലെ കാരണങ്ങള്‍ തേടി നിരവധി പഠനങ്ങള്‍ നടത്താറുണ്ട്. അത്തരത്തില്‍ ദക്ഷിണ കൊറിയയിലെ ഒരു സൗന്ദര്യവര്‍ധക കമ്പനി അടുത്തിടെ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായത് മുടികൊഴിച്ചിലിന് വായു മലിനീകരണവുമായി ബന്ധമുണ്ടെന്നാണ്.
മലിനീകരണം വഴിയായി മുടി വളരുന്നതിനുള്ള പ്രോട്ടീനുകള്‍ നഷ്ടപ്പെടുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. നഗരങ്ങളിലും വ്യവസായ മേഖലകളിലും താമസിക്കുന്നവരിലാണ് ഇത്തരത്തില്‍ കൂടുതലായി മുടി കൊഴിയുന്നതിനുള്ള സാധ്യത. മുടികൊഴിച്ചിലും വായു മലിനീകരണവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുന്ന ആദ്യത്തെ പഠനമാണിത്. മാഡ്രിഡില്‍ നടന്ന 28 -ാമത് യൂറോപ്യന്‍ അക്കാഡമി ഓഫ് ഡെര്‍മറ്റോളജി ആന്‍ഡ് വെനറോളജി കോണ്‍ഗ്രസിലാണ് ഇതു സംബന്ധിച്ച പഠനം അവതരിപ്പിച്ചത്.
മുടി കൊഴിച്ചിലിന് കാരണമാക്കുന്ന തരത്തില്‍ സെല്ലുകള്‍ നശിക്കുന്നതിനുള്ള കാരണമെന്താണെന്നുള്ള പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടുപിടിച്ചത്. വായു മലിനീകരണം വഴിയായി തലയോടിലുള്ള സെല്ലുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതാകും. ഈ സെല്ലുകളിലുള്ള പ്രോട്ടീനുകളാണ് മുടി വളരുന്നതിനും നിലനിര്‍ത്തുന്നതിനും കാരണം. മലിനമായ വായു ഇത്തരത്തിലുള്ള സെല്ലുകളെ നശിപ്പിക്കും.