യത്തീംഖാനയിലെ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി യുപി പൊലീസ്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

0
240

ലക്‌നൗ: (www.mediavisionnews.in) പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തു എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ യത്തീംഖാനയിലെ ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്കൊപ്പം അനാഥാലയത്തിലെ വൃദ്ധനായ അധ്യാപകനെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു എന്നും മര്‍ദ്ദനത്തെത്തുടര്‍ന്ന് ബാലന്മാരുടെ മലദ്വാരത്തിലൂടെ രക്തസ്രാവം ഉണ്ടായെന്നും ‘ദി ടെലഗ്രാഫ്’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ സഈദിനെ ഉദ്ധരിച്ചാണ് ടെലഗ്രാഫ് റിപ്പോര്‍ട്ട്. 14 മുതല്‍ 21 വരെ പ്രായക്കാരായ നൂറോളം ബാലന്മാരെ പൊലീസ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഡിസംബര്‍ 20നായിരുന്നു സംഭവം. ഉച്ചയ്ക്ക് രണ്ടിന് മീനാക്ഷി ചൗക്കിന് സമീപം നടന്ന നാട്ടുകാരുടെ പ്രതിഷേധത്തിനു നേരെ വൈകീട്ട് നാലോടെ പൊലീസ് ലാത്തി വീശി. ഇത് മദ്രസയുടെ ഏകദേശം 500 മീറ്റര്‍ അകലെയായിരുന്നു. സമാധാനപരമായി നടന്ന പ്രതിഷേധത്തിനു നേരെയായിരുന്നു പൊലീസ് അതിക്രമം. പൊലീസ് ലാത്തിവീശിയതോടെ ആളുകള്‍ നാലുപാടും ചിതറിയോടി. ഇതോടെ കണ്ണില്‍ക്കണ്ടവരയെല്ലാം പിടികൂടി പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കാനും മുസ്‌ലിങ്ങളുടെ കടകള്‍ തകര്‍ക്കാനും തുടങ്ങി. ഇതിനിടെ ചിലയാളുകള്‍ മദ്രസയിലേക്ക് ഓടിക്കയറി. ഇതോടെ മദ്രസയ്ക്കകത്തേക്കു അതിക്രമിച്ചു കയറിയ പൊലീസ് അവിടെയുണ്ടായിരുന്ന കുട്ടികളെ തലങ്ങും വിലങ്ങും നിര്‍ദാക്ഷിണ്യം ലാത്തികൊണ്ടും മറ്റും തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് പ്രദേശവാസിയായ സത്താര്‍ പറഞ്ഞു. തുടര്‍ന്ന് മദ്രസാ നടത്തിപ്പുകാരനും അധ്യാപകനുമായ മൗലാനാ ആസാദിന്റെ മുറിയിലേക്ക് പാഞ്ഞുകയറിയ പൊലീസ് അദ്ദേഹത്തേയും മര്‍ദിച്ചു. നിസ്‌കാരത്തിനു ശേഷം വിശ്രമിക്കുകയായിരുന്നു മൗലാന. അദ്ദേഹമോ കുട്ടികളോ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും സത്താര്‍ അറിയിച്ചു.

തുടര്‍ന്ന് മൗലാനയേയും കുട്ടികളെയും വീണ്ടും മര്‍ദിച്ച പൊലീസ് ഇവരെ വാനിലേക്ക് ബലംപ്രയോഗിച്ച് കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നാണ് കസ്റ്റഡിയില്‍ ക്രൂരമായ പീഡനങ്ങള്‍ക്കും മര്‍ദനത്തിനും ഇരയാക്കിയത്. 14നും 21നും ഇടയില്‍ പ്രായമുള്ള മദ്രസാ വിദ്യാര്‍ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡനത്തിന് ഇരയാക്കിയത്. കസ്റ്റഡിയിലെടുത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനങ്ങള്‍ക്കും പൊലീസ് ഇരയാക്കിയിരുന്നു. ലോക്കപ്പിലായിരിക്കെ കുട്ടികളെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടതായും സഈദ് പറയുന്നു. ഉറങ്ങാനോ ശൗചാലയത്തില്‍ പോവാനോ പോലും സമ്മതിക്കാതെയായിരുന്നു പൊലീസിന്റെ പീഡനം. വിശന്നപ്പോള്‍ ഭക്ഷണമോ വെള്ളമോ പോലും നല്‍കിയില്ല. മുട്ടുകുത്തി നിര്‍ത്തിയാണ് പൊലീസ് കുട്ടികളെ അടിച്ചത്. അഭിഭാഷകനെ കാണാന്‍ പോലും പൊലീസ് സമ്മതിച്ചില്ലെന്നും സഈദ് വിശദമാക്കി. മൂന്നു ദിവസം സ്‌റ്റേഷനില്‍ തടവിലിട്ട ശേഷം ഇവരില്‍ 90 പേരെ പിന്നീട് വിട്ടയച്ചു. പത്തുപേര്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പുറത്തിറങ്ങിയപ്പോള്‍ അതുവരെ കാണാത്ത ഭയവും മാനസിക സംഘര്‍ഷവുമാണ് താന്‍ അവരില്‍ കണ്ടതെന്നും സഈദ് പറയുന്നു. സംഭവത്തിനു ശേഷം മദ്രസ പൂട്ടി കുട്ടികളെല്ലാം അവരവരുടെ വീടുകളിലേക്ക് മടങ്ങി. ഇപ്പോഴും അവരുടെ ഭയവും വേദനയും വിട്ടുമാറിയിട്ടില്ലെന്നും അതേസമയം, മദ്രസാ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍ നേരിട്ട ക്രൂരമായ പീഡനം പുറത്തുപറഞ്ഞതിന്റെ പ്രതികാരമായി തന്റെ ഫാം ഹൗസും കാറുകളും പൊലീസ് തല്ലിത്തകര്‍ത്തതായും സഈദ് ചൂണ്ടിക്കാട്ടി.

മീഡിvയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here