മംഗളൂരു: (www.mediavisionnews.in) മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വച്ചെന്ന് കരുതുന്നയാള്‍ പൊലീസിന് മുമ്പില്‍ കീഴടങ്ങി. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവു എന്നയാളാണ് ബംഗളൂരു ഹലസൂരു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരി ആണ് പ്രതി. ഇയാൾക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
പ്രതിയെന്ന് സംശയിക്കുന്ന ആള്‍ തുളു ഭാഷയിലാണ് സംസാരിച്ചിരുന്നതെന്ന് ഇയാളെ വിമാനത്താവളത്തിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ സ്വകാര്യ ബസിലാണ് പ്രതി മംഗളൂരു വിമാനത്താവളത്തിന് സമീപമെത്തിയത്. അപ്പോള്‍ ഇയാളുടെ കയ്യിൽ രണ്ട് ബാഗുകൾ ഉണ്ടായിരുന്നു. ഇതിൽ ഒന്ന് സമീപത്തെ കടയ്ക്ക് പുറത്ത് വച്ചതിന് ശേഷം ഓട്ടോയിൽ വിമാനത്താവളത്തിലെത്തി. കയ്യിലുണ്ടായിരുന്ന ബാഗ് ടെർമിനലിന് സമീപം വച്ചു. തിരികെ ഓട്ടോയിൽ കയറി കടയിൽ വച്ച ബാഗുമായി പ്രതി പമ്പ്‌വൽ ജംഗ്ഷനിൽ ഇറങ്ങിയെന്നും ഓട്ടോ ഡ്രൈവർ മൊഴി നല്‍കിയിരുന്നു.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് വിമാനത്താവളത്തിലെ വിശ്രമമുറിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. ഉടന്‍ തന്നെ ബോംബ് സ്ക്വാഡിനെ വിവരമറിയിച്ചു. ബോംബ് സ്ക്വാഡ് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് ഐഇഡി, വയര്‍, ടൈമര്‍, സ്വിച്ച്, ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തി. തുടര്‍ന്ന് സിഐഎസ്എഫും പൊലീസും ജാഗ്രത പ്രഖ്യാപിക്കുകയും വിമാനത്താവളത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയുമായിരുന്നു.
വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഇയാളുടെ ചിത്രങ്ങള്‍ മംഗളൂരു പൊലീസ് പുറത്തുവിടുകയും ചെയ്തിരുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക