കാസര്‍കോട്: (www.mediavisionnews.in) മംഗളൂരു വെടിവെപ്പുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് മംഗളൂരു പോലീസിന്റെ നോട്ടീസ് കിട്ടയവരില്‍ അധികവും കാസര്‍കോട്ടുകാര്‍. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഇവരില്‍ ഏറെപ്പേരും പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ്. വര്‍ഷങ്ങളായി ദിവസേന മംഗളൂരുവില്‍നിന്ന് മത്സ്യം വാങ്ങി കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ വിറ്റുവരുന്ന ഇവര്‍ പൗരത്വനിയമവിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ ഡിസംബര്‍ 19-ന് രാവിലെ മംഗളൂരുവില്‍ മത്സ്യം വാങ്ങാന്‍ പോയിരുന്നു.
അന്ന് അവിടെയുണ്ടായിരുന്നവരുടെ മൊബൈല്‍ നമ്ബര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ച് എല്ലാവര്‍ക്കും നോട്ടീസ് ആയക്കുകയാണ് പോലീസ് ചെയ്തത്. പുലര്‍ച്ചെ കാസര്‍കോട്ട് നിന്ന് പോയി രാവിലെ ഒന്‍പതുമണിയോടെ മടങ്ങിയെത്തിയവരാണ് അധികവും. മംഗളൂരു നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ 133/2019 കേസുമായി ബന്ധപ്പെട്ട് ലഹള, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങി 13 വകുപ്പുകളില്‍ കേസെടുത്തിട്ടുണ്ടെന്നും അതില്‍ താങ്കള്‍ക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരം കിട്ടിയിട്ടുണ്ടെന്നും നോട്ടീസില്‍ പറയുന്നു.
അതിനാല്‍, നിശ്ചിത ദിവസം രാവിലെ 10-ന് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഇല്ലെങ്കില്‍ മേല്‍പ്പറഞ്ഞ പ്രവൃത്തികള്‍ തുടരാനായി നിങ്ങള്‍ അന്വേഷണവുമായി സഹകരിക്കുന്നതില്‍നിന്ന് ബോധപൂര്‍വം വിട്ടുനിന്നതായി മനസ്സിലാക്കുമെന്നും കൂടുതല്‍ നിയമനടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.
‘ഞാന്‍ ദൂരെസ്ഥലത്ത് പോകാറേ ഇല്ല. നോട്ടീസ് കിട്ടിയപ്പോള്‍ അമ്ബരന്നുപോയി’ മഞ്ചേശ്വരം ഹൊസബേട്ടു കടപ്പുറത്തെ റംല പറയുന്നു. റംലയുടെ പേരിലെടുത്ത സിം കാര്‍ഡാണ് മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് മുഹയുദീന്‍ ഉപയോഗിക്കുന്നത്. വെടിവെപ്പ് നടന്ന ദിവസം പുലര്‍ച്ചെ പതിവുപോലെ അദ്ദേഹം മംഗളൂരു ബന്ദര്‍ മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങി എട്ടുമണിയോടെ തിരികെ മഞ്ചേശ്വരത്ത് എത്തിയിരുന്നു. നാലഞ്ചുവര്‍ഷമായി തുടരുന്നതാണിത്. റംലയുടെ പേരിലുള്ള മൊബൈല്‍ ഫോണ്‍ ഡിസംബര്‍ 19-ന് മംഗളൂരുവില്‍ ഉണ്ടായിരുന്നുവെന്ന് ടവര്‍ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അവരുടെ പേരില്‍ നോട്ടീസ് വന്നത്.
‘അന്ന് ഉച്ചകഴിഞ്ഞാണ് സംഘര്‍ഷവും വെടിവെപ്പും ഉണ്ടാകുന്നത്. ഞങ്ങള്‍ രാവിലെ പോയി മീന്‍ വാങ്ങിപ്പോന്നവരാണ്’ മുഹയുദീന്‍ പറയുന്നു. ഹൊസബേട്ടു കടപ്പുറത്തുമാത്രം പത്തിലേറെപ്പേര്‍ക്ക് ഇങ്ങനെ നോട്ടിസ് കിട്ടിയിട്ടുണ്ട്. എന്തുചെയ്യണമെന്നറിയാതെ അമ്പരന്നുനില്‍ക്കുകയാണിവര്‍. ചിലര്‍ വക്കീല്‍ മുഖേന പോലീസില്‍ ബന്ധപ്പെട്ടു. ചിലര്‍ വക്കീലിനെ അന്വേഷിച്ച് നടക്കുകയാണ്. ‘ഇപ്പോള്‍ കേസ് ഒഴിവാക്കിയില്ലെങ്കില്‍ നാലഞ്ചുവര്‍ഷം ഇതുമായി നടക്കേണ്ടിവരും.’ കടപ്പുറത്തെ ഡ്രൈവറായ അബ്ദുള്‍കരീം പറയുന്നു. കരീമിന്റെ പക്കലുള്ളത് അനുജന്‍ അബ്ദുള്‍ റസാഖിന്റെ പേരിലുള്ള സിംകാര്‍ഡായിരുന്നു. റസാഖ് അന്ന് മംഗളൂരുവില്‍ പോയിട്ടേ ഇല്ല. പക്ഷേ, നോട്ടീസ് വന്നു. പോയ കരീമിനാകട്ടെ, വന്നതുമില്ല. ഒരു വീണ്ടുവിചാരവുമില്ലാതെ പോലീസ് എടുക്കുന്ന നടപടിയുടെ ഫലമാണിതെന്ന് കരീം. അബൂബക്കര്‍ സിദ്ദിഖ്, അബ്ദുള്‍നാസര്‍, മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ നോട്ടീസ് കിട്ടിയവരില്‍ ചിലരാണ്.
ഇപ്പോഴും നോട്ടീസ് വന്നുകൊണ്ടിരിക്കുന്നു
കുമ്പള മത്സ്യമാര്‍ക്കറ്റിലെ നിരവധിപേര്‍ക്ക് തിങ്കളാഴ്ചയാണ് നോട്ടീസ് വന്നത്. ആരിക്കാടി കടപ്പുറത്തെ മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ലത്തീഫ്, റിയാസ്, മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ക്കാണ് സ്പീഡ് പോസ്റ്റില്‍ നോട്ടീസ വന്നത്. എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണവര്‍. നേരത്തെ നോട്ടീസ് കിട്ടിയ ഫിഷറീസ് കോളനിയിലെ അബ്ദുള്ള മംഗളൂരുവില്‍ വക്കീലിനെ കാണാന്‍ പോയിരുന്നു. അവിടുന്ന് പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ കമ്മിഷണര്‍ തിരക്കിലാണെന്നും രണ്ടുദിവസം കഴിഞ്ഞ് വരാനുമായിരുന്നു മറുപടി. കലാപദിവസം മാത്രമല്ല, എല്ലാ ദിവസവും ഞങ്ങള്‍ മംഗളൂരുവില്‍ പോയിവരുന്നവരാണ്. അന്ന് ഒരുദിവസത്തെ ടവര്‍ മാത്രം പരിശോധിച്ച് ഇവര്‍ നടപടിയെടുക്കുന്നതെങ്ങനെ?’ മുഹമ്മദ് കുഞ്ഞി ചോദിക്കുന്നു. തലപ്പാടിയിലെ ടോള്‍ബൂത്തില്‍ തങ്ങളുടെ വണ്ടികള്‍ ദിവസവും കടന്നുപോകുന്നതിന്റെ രേഖയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.