ബാങ്ക് വിളി ഏകീകരിക്കണം: നിര്‍ദേശവുമായി ഹജ്ജ് കമ്മിറ്റി ചെയർമാൻ; പിന്തുണച്ച് മുസ്ലിം സംഘടനകള്‍

0
341

കോഴിക്കോട് (www.mediavisionnews.in) ; മുസ്ലിം പള്ളികളിലെ ബാങ്കുവിളി ഏകീകരിക്കണമെന്ന നിര്‍ദേശവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി. ഒന്നില്‍ക്കൂടുതല്‍ പള്ളികളുള്ള സ്ഥലങ്ങളില്‍ ഒരു പള്ളിയില്‍ നിന്ന് മാത്രം ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് മതിയെന്ന് തീരുമാനിക്കണം. രാത്രിയില്‍ വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങള്‍ ഒഴിവാക്കണമെന്നും സി.മുഹമ്മദ് ഫൈസി ന്യൂസ് 18 നോടു പറഞ്ഞു.

‘ മുസ്ലിം പള്ളികളില്‍ നിസ്‌കാരത്തിന് സമയമായെന്ന് അറിയിക്കാനുള്ളതാണ് ബാങ്ക്. കേരളത്തില്‍ വിവിധ മുസ്ലിം സംഘടനകള്‍ക്ക് വ്യത്യസ്ത പള്ളികളാണ് പലയിടങ്ങളിലുമുള്ളത്. ഒരേ സ്ഥലത്തുള്ള ഒന്നിലധികം പള്ളിയില്‍ നിന്നും പലസമയങ്ങളിലായി ഉച്ചഭാഷണിയിലൂടെ ബാങ്ക് വിളിക്കുന്നത് പൊതു സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരം സ്ഥലങ്ങളില്‍ ഒരു പള്ളയില്‍ നിന്ന് മാത്രമായി ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് പരിമിതപ്പെടുത്തണം.

ഏത് പള്ളിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ ആദ്യം നിര്‍മ്മിച്ച പള്ളിയില്‍ നിന്നെന്ന് തീരുമാനമെടുക്കാം.- സി മുഹമ്മദ് ഫൈസി പറഞ്ഞു.  സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കാന്തപുരം വിഭാഗം നേതാവുമാണ് സി മുഹമ്മദ് ഫൈസി.

രാത്രികാലങ്ങളിലെ മതപ്രഭാഷണസദസ്സുകളില്‍ വലിയ ശബ്ദത്തിലുള്ള ഉച്ചഭാഷിണിയാണ് ഉപയോഗിക്കുന്നത്. ഇതും ഒഴിവാക്കണം. 100 ആളുകളുള്ള ഗ്രാമത്തില്‍ ആയിരം പേര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള ഉച്ചഭാഷണിയാണ് മതപ്രഭാഷണ സദസ്സുകളില്‍ ഉപയോഗിക്കുന്നത്. മതേതര സമൂഹത്തില്‍ ജീവിക്കുന്ന നമ്മള്‍ പൊതുസമൂഹത്തിന്റെ താല്‍പര്യങ്ങള്‍കൂടി പരിഗണിക്കണം-  ഫൈസി വ്യക്തമാക്കി.

മതത്തിന്റെ പേരില്‍ അനാവശ്യമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണം. ഇതര മുസ്ലിം സംഘടനാ നേതാക്കളുമായി സംസാരിച്ചപ്പോള്‍ സമാനചിന്ത പങ്കുവെച്ചിട്ടുണ്ടെന്നും ബാങ്ക് വിളി ഏകീകരിക്കാന്‍ മുസ്ലിം സംഘടനകള്‍ തന്നെ നേതൃത്വം നല്‍കണമെന്നും മുഹമ്മദ് ഫൈസി പറഞ്ഞു.

അതേസമയം  മുഹമ്മദ് ഫൈസിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. സമസ്ത നേതാവ് പിണങ്ങോട് അബൂബക്കറും നിര്‍ദേശത്തെ പിന്തുണച്ചു. ഇത്തരമൊരു ചര്‍ച്ചക്ക് മുന്‍കയ്യെടുക്കുമെന്ന് മുസ്ലിം സര്‍വ്വീസ് സൊസൈറ്റി പ്രസിഡണ്ട് സി.പി കുഞ്ഞിമുഹമ്മദ് അറിയിച്ചു. പള്ളികളില്‍ നിന്നുള്ള ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണമെന്ന് നേരത്തെ മുസ്ലിം ലീഗ് പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here