മഞ്ചേരി:(www.mediavisionnews.in) സിപിഐ (എം) കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഫേസ് ബുക്കിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ച് മാപ്പ് പറഞ്ഞു. എടവണ്ണ സ്വദേശി പറങ്ങോടന്‍ എന്ന അപ്പു (55)ആണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ച് പി.ജയരാജനോട് മാപ്പ് അപേക്ഷിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് കേസ് മജിസ്‌ട്രേറ്റ് കോടതി പരിണിച്ചത്. കോടതി നടപടികള്‍ ആരംഭിച്ചയുടനെ അപ്പു നിരുപാധികം മാപ്പ് പറയുന്നുവെന്ന് അറിയിച്ചു. തെറ്റു പറ്റി പോയതാണെന്നും തെറ്റ് പൊറുക്കണമെന്നും ഇനി മേലില്‍ ആവര്‍ത്തിക്കില്ലെന്നും പി ജയരാജന്‍റെ കൈപിടിച്ച് പ്രതി മാപ്പ് പറഞ്ഞു.
തെറ്റ് മനസിലാക്കി ആത്മാര്‍ത്ഥമായി മാപ്പ് ചോദിച്ച സാഹചര്യത്തില്‍ കോടതി നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് പി ജയരാജന്‍ കോടതിയെ അറിയിച്ചു. കേസില്‍ സാക്ഷി പറയാനായി രാവിലെയാണ് പി.ജയരാജന്‍ എത്തിയത്. ഈ സമയം അപ്പു ജയരാജനെ നേരില്‍ കണ്ട് ക്ഷമാപണം നടത്തി, മാപ്പ് തരണമെന്ന് അപേക്ഷിച്ചു.
2016 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരത്ത് ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരെ സിപിഐ (എം) പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. പ്രദര്‍ശനം നോക്കി കാണുന്ന പടം പി. ജയരാജന്‍ തന്‍റെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിന്നു. ഇതിനു താഴെയാണ് പ്രതി വധഭീഷണി മുഴക്കി കമന്‍റിട്ടത്.
നിന്‍റെ പടവും ഒരുനാള്‍ അഴീക്കോടന്‍ ഓഫീസില്‍ തൂങ്ങും എന്നായിരിന്നു ഇയാളുടെ കമന്‍റ്. ഇതിനെതിരെ പി ജയരാജന്‍ ഡിജിപി മുമ്പാകെ പരാതി നല്‍കിയിരുന്നു. ഇതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് തപാലിലും ജയരാജന് വധഭീഷണി ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ എടവണ്ണ പൊലീസിനോട് കേസ് രജിസ്റ്റർ ചെയാന്‍ നിര്‍ദേശിക്കുകയായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.