ന്യൂഡല്‍ഹി: (www.mediavisionnews.in) ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത അക്രമി രാംഭക്ത് ഗോപാലിനു നേരെ ശക്തമായ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്. രാംഭക്ത് ഗോപാലിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഫേസ്ബുക്ക് നീക്കം ചെയ്തു.
‘ഇത്തരത്തില്‍ അക്രമം നടത്തുന്ന ആളുകള്‍ക്ക് ഫേസ്ബുക്കില്‍ ഇടമില്ല. ഞങ്ങള്‍ ആ അക്രമിയുടെ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അക്രമത്തെയോ അക്രമകാരിയെയോ പ്രോത്സാഹിപ്പിക്കുന്നതും അഭിനന്ദിക്കുന്നതുമായ ഏത് അക്കൗണ്ടും കാണുന്ന മുറക്ക് നീക്കം ചെയ്യുന്നതാണ്.’ – ഫേസ്ബുക്ക് വക്താവ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയതിനെ തുടന്നാണ് ഫേസ്ബുക്കിന്റെ നടപടി. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് ഫേസ്ബുക്ക് ഇയാളുടെ അക്കൗണ്ട് നീക്കം ചെയ്തത്.
ജാമിഅ വെടിവെപ്പിന് മുമ്പ് ഇയാള്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 2600 കമന്റുകളാണ് വൈകിട്ട് അഞ്ച് മണിയോടെ ലഭിച്ചത്. 763 തവണ ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോ 65000 ഓളം പേര്‍ കാണുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഇതേ പേരില്‍ തന്നെ മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ട് കാണുന്നുണ്ട്. ഈ അക്കൗണ്ട് വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം.