ഗുജറാത്ത് കലാപം; 33 പേരെ ചുട്ടുകൊന്ന കേസിലെ 14 കുറ്റവാളികള്‍ക്ക് സുപ്രീംകോടതി ജാമ്യം നല്‍കി; സാമൂഹിക സേവനം നടത്താന്‍ നിര്‍ദേശം

0
266

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു സുപ്രീംകോടതി. 2002-ലെ ഗുജറാത്ത് കലാപത്തില്‍ പ്രതികളായ 14 പേര്‍ക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഗുജറാത്തില്‍ പ്രവേശിക്കരുത്. സാമൂഹികവും ആത്മീയവുമായ സേവനങ്ങളില്‍ ഏര്‍പ്പെടണമെന്നുമുള്ള ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ജാമ്യം അനുവദിച്ച കുറ്റവാളികള്‍ സാമൂഹികവും ആത്മീയപരവുമായ സേവനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ ജബല്‍പുര്‍, ഇന്‍ഡോര്‍ ജില്ലാ നിയമ അധികൃതരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സംസ്ഥാന ലീഗല്‍ സര്‍വീസ് അഥോറിറ്റിയോട് അവരുടെ പെരുമാറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. കുറ്റവാളികളെ രണ്ടു ഗ്രൂപ്പാക്കി തിരിക്കും. ഒരു സംഘത്തെ മധ്യപ്രദേശിലെ ഇന്‍ഡോറിലേക്കും മറ്റൊരു സംഘത്തെ ജബല്‍പൂരിലേക്കും അയക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവിടെ സാമൂഹിക സേവനത്തില്‍ പ്രതികള്‍ മുഴുകും. പ്രതികളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങള്‍ സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ….

സര്‍ദാര്‍പുര കൂട്ടക്കൊല കേസില്‍ 14 പേരുടെ ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചിരുന്നത്. ഇവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം നല്‍കിയിരിക്കുന്നത്. ജീവിത ചെലവിനുള്ള വഴി കണ്ടെത്താന്‍ കുറ്റവാളികള്‍ക്ക് അവസരം ഒരുക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാമ്യ കാലയളവില്‍ കുറ്റവാളികളുടെ പെരുമാറ്റവും സ്വഭാവവും സംബന്ധിച്ച നിരീക്ഷിച്ച്‌ വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ട് പരിശോധിച്ച്‌ കോടതി തുടര്‍നടപടികള്‍ സ്വീകരിക്കും. 2002 ഫെബ്രുവരി 28ന് രാത്രിയാണ് ഗുജറാത്തിലെ സര്‍ദാര്‍പുരയില്‍ കൂട്ടക്കൊല നടന്നത്.

2002 ഫെബ്രുവരി 27ന് ഗോധ്ര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച്‌ സബര്‍മതി എക്സ്പ്രസിന് തീവച്ചതിന് തൊട്ടുപിന്നാലെയാണ് ഗുജറാത്തില്‍ വര്‍ഗീയ കലാപം ആളിപ്പടര്‍ന്നത്. അയോധ്യയില്‍ നിന്ന് വന്ന 59 കര്‍സേവകര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം സര്‍ദാര്‍പുരയിലെ 33 ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ കലാപകാരികള്‍ ചുട്ടുകൊല്ലുകയായിരുന്നു.76 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണക്കിടെ രണ്ടു പേര്‍ മരിച്ചു. ഒരു പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. 2009 ജൂണില്‍ 73 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. മെഹ്സാന ജില്ലയിലെ വിചാരണ കോടതി 42 പ്രതികളെ വെറുതെ വിട്ടു. 31 പേരെ ശിക്ഷിച്ചു.

വിചാരണ കോടതി വെറുതെ വിട്ട 42ല്‍ 31 പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ, പ്രതികളെ വെറുതെവിട്ട മെഹ്സാന ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ശിക്ഷിക്കപ്പെട്ട 31 പേരില്‍ 17 പേരെ ഹൈക്കോടതി വെറുതെവിടുകയും ചെയ്തു. 14 പേരുടെ ജീവപര്യന്തം ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ. സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന പ്രോസിക്യൂഷന്‍ വാദം വിചാരണ കോടതി തള്ളിയിരുന്നു. ഹൈക്കോടതിയും ഇത് ശരിവക്കുകായിരുന്നു

ഗോധ്ര സംഭവത്തിന് ശേഷം മൂന്ന് ദിവസമാണ് ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ കലാപം നടന്നത്. ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 2002 ഫെബ്രുവരി 27നാണ് സബര്‍മതി എക്സ്പ്രസിന് തീവച്ചത്. തൊട്ടടുത്ത ദിവസമാണ് കൂട്ടക്കൊല നടന്നത്. ഇത് നേരത്തെ കലാപം ആസൂത്രണം ചെയ്തതിന് തെളിവാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പക്ഷേ, മതിയായ തെളിവില്ലെന്ന് വിചാരണ കോടതി കണ്ടെത്തി. ഹൈക്കോടതിയും ശരിവച്ചു.

മെഹ്സാന ജില്ലയിലെ സര്‍ദാര്‍പുരയില്‍ രാത്രിയാണ് അക്രമികള്‍ കൂട്ടക്കൊല നടത്തിയത്. ഗുജറാത്ത് കലാപത്തിനിടെ നടന്ന ഒമ്ബത് പ്രധാന കേസുകളില്‍ ഒന്നാണ് സര്‍ദാര്‍പുരയിലേത്. ന്യൂനപക്ഷ സമുദായം താമസിക്കുന്ന പ്രദേശം അക്രമികള്‍ വളഞ്ഞ ശേഷമാണ് കൂട്ടക്കൊല നടത്തിയത്. അക്രമികള്‍ വരുന്നത് അറിഞ്ഞ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ പ്രദേശത്തെ പ്രമുഖനായ ഇബ്രാഹീം ശൈഖ് എന്നയാളുടെ വീട്ടില്‍ അഭയം തേടി. എന്നാല്‍ ഈ വീട്ടിലെത്തിയാണ് അക്രമികള്‍ പെട്രോള്‍, പാചകവാതക സിലിണ്ടര്‍ എന്നിവ ഉപയോഗിച്ച്‌ കത്തിച്ചത്. 22 സ്ത്രീകള്‍ ഉള്‍പ്പെടെ 33 പേരെ ചുട്ടെരിച്ച നിലയില്‍ പിന്നീട് കണ്ടെത്തി. നരേന്ദ്ര മോദിയായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രി. അമിത് ഷാ ആഭ്യന്തര മന്ത്രിയും.

LEAVE A REPLY

Please enter your comment!
Please enter your name here