ഖാസിം സുലൈമാനിയെ വധിച്ചത് ട്രംപിന്റെ നിര്‍ദേശത്തില്‍: തിരിച്ചടിക്കുമെന്ന് ഇറാന്‍,യുദ്ധഭീതിയില്‍ ലോകം

0
175

വാഷിങ്ടണ്‍: (www.mediavisionnews.in) ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവനുസരിച്ച്. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണാണ് ഇക്കാര്യം അറിയിച്ചത്.

ബാഗ്ദാദ് വിമാനത്താവളത്തില്‍ യുഎസ് സൈന്യം ഇന്ന് രാവിലെ നടത്തിയ വ്യോമാക്രമണത്തില്‍ രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ട്രംപ് അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്തു.

ഖാസിം സുലൈമാനിയുടെ മരണം യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമാക്കിയേക്കാമെന്നാണ്‌ വിദഗ്ദ്ധരുടെ നിരീക്ഷണം. ശക്തമായ തിരിച്ചടിക്ക്‌ ഇറാന്‍ ഒരുങ്ങുന്നതായാണ്‌ റിപ്പോര്‍ട്ട്. യുഎസ് നടപടി അങ്ങേയറ്റം അപകടകരവും വിഡ്ഢിത്തവുമാണ്. ഈ സാഹസികതയുടെ എല്ലാ അനന്തരഫലങ്ങളുടേയും ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചു. ഇത് അന്താരാഷ്ട്ര ഭീകരദമാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസിനെതിരെ ആഞ്ഞടിക്കാന്‍ ആവശ്യപ്പെട്ട് ഇറാഖിലെ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മിലിഷ്യ ഗ്രൂപ്പുകള്‍ വ്യാപക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മിലിഷിയകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇറാനിയന്‍ അക്രമ പദ്ധതികള്‍ തടയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബാഗ്ദാദിലെ വ്യോമാക്രമണമെന്ന് പെന്റഗണ്‍ അറിയിച്ചു. ഇറാഖിലേയും മേഖലയിലേയും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരേയും സേവന അംഗങ്ങളേയും ആക്രമിക്കാനുള്ള പദ്ധതികള്‍ ജനറല്‍ സുലൈമാനി സജീവമായി വികസിപ്പിച്ചുകൊണ്ടിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസും ട്വീറ്റ് ചെയ്തു.

ആക്രമണത്തില്‍ അഞ്ച്‌ ഇറാഖ് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. ഖാസിം സുലൈമാനിയും അബു മഹ്ദി അല്‍ മുഹന്ദിസും അടങ്ങുന്ന സംഘത്തെ ലക്ഷ്യമിട്ട് മൂന്ന് റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു യുഎസിന്റെ ആക്രമണം. വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലിലാണ് റോക്കറ്റുകള്‍ പതിച്ചത്. ഇവിടെയുണ്ടായിരുന്ന രണ്ട് വാഹനങ്ങളും കത്തി നശിച്ചു. 

ഖാസിം സുലൈമാനിയുടേയും അബു മഹ്ദി അല്‍ മുഹന്ദിസിന്റെ മരണങ്ങള്‍ ഇറാന് കനത്ത പ്രഹരമാണേല്‍പ്പിച്ചിട്ടുള്ളത്. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും എംബിസി പൂട്ടിയിടുകയും ചെയ്തിരിക്കുകയാണ്. ഇതിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ആക്രമണമുണ്ടായിരിക്കുന്നത്.

യുഎസ് ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടായി. ബാരലിന് നാല് ശതമാനത്തിലധികം വില വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here