തിരുവനന്തപുരം (www.mediavisionnews.in):ചൈനയില്‍ നിരവധി പേരുടെ ജീവനെടുത്ത കൊറോണ വൈറസ് ഇപ്പോള്‍ കേരളത്തിലും സ്ഥിരീകരിച്ചിരിക്കുകയാണ്. 2019 ഡിസംബര്‍ 31-ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇതിനാല്‍ പല രാജ്യങ്ങളും ചൈനയിലേക്കും, ചൈനയില്‍ നിന്നുമുള്ള യാത്രകള്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്. നോവല്‍ കൊറോണ വൈറസ് (2019-nCoV) എന്നുപേരിട്ട പുതിയ ഇനം വൈറസാണ് രോഗത്തിന്റെ മൂലകാരണം. ഈ വൈറസ് ബാധിച്ചവരില്‍ അധികവും വുഹാന്‍ നഗരത്തില്‍ നിന്നുള്ളവരാണ്.
പനി, കഫം വീര്‍പ്പുമുട്ടല്‍, ശ്വാസതടസ്സം, ന്യൂമോണിയ, സാര്‍സ്, കിഡ്‌നി തകരാര്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍.
അസുഖം പടരുന്ന വിധം…?
1. വായ അടച്ചു പിടിക്കാതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം വായുവില്‍ തെറിക്കുന്ന തുള്ളികളിലൂടെ.
2. വൈറസ് ബാധയേറ്റ ഒരാളെ തൊടുകയോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുക വഴി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരാം.
3 വൈറസ് ഉള്ള ഒരു വസ്തുവിലോ പ്രതലത്തിലോ തൊട്ടിട്ട് ആ കൈ കൊണ്ട് മൂക്കിലോ കണ്ണിലോ വായിലോ സ്പര്‍ശിച്ചാല്‍
4.അപൂര്‍വമായി വിസര്‍ജ്ജ്യങ്ങളിലൂടെയും കൊറോണ വൈറസ് പടരാം
വൈറസ് ബാധയെ ചെറുക്കാന്‍ ഭയമല്ല, ജാഗ്രതയാണ് ആവശ്യം. അതുകൊണ്ടു തന്നെ കൊറോണ വൈറസ് ബാധയെ എങ്ങനെ ചെറുക്കാം എന്നാണ് അറിയേണ്ടത്.
എങ്ങനെ പ്രതിരോധിക്കാം…?
1.ശ്വാസതടസ്സവുും, തുമ്മലും ബാധിച്ചവരുടെ സമീപത്തേക്ക് പോകാതിരിക്കുക.
2. കൈകള്‍ ഇടക്കിടെ കഴുകുക.പ്രത്യേകിച്ച് മറ്റുള്ളവരെ തൊടുകയോ, പരിചയമില്ലാത്ത സ്ഥലങ്ങളില്‍ പോകുമ്പോഴും.
3. കുറച്ചു കാലത്തേക്ക് ഫാമുകളുമായും, കശാപ്പുശാലകളുമായും, ജീവനുള്ളതോ ചത്തോ ആയ വന്യമൃഗങ്ങളുമായും, പരിചയമില്ലാത്ത വളര്‍ത്തുമൃഗങ്ങളുമായും ഉള്ള നേരിട്ടുള്ള ബന്ധം ഒഴിവാക്കുക.
4. ശ്വാസസംബന്ധിയായ ബുദ്ധിമുട്ടുകള്‍, ഉദാ. ചുമ, തുമ്മല്‍ എന്നിവയുള്ളവര്‍ ചുമയ്ക്കുമ്പോള്‍ സാമാന്യമര്യാദ പാലിക്കുക. തൂവാലയോ ടിഷ്യൂവോ, ഉപയോഗിച്ച് വായ പൊത്തുക, കയ്യും വായുമൊക്കെ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക.
5. ഇറച്ചി മാര്‍ക്കറ്റോ, ഗ്രാമച്ചന്തകളോ ഒക്കെ സന്ദര്‍ശിക്കുമ്പോള്‍ മാംസത്തെ സ്പര്‍ശിച്ചാല്‍ അതുകഴിഞ്ഞ ശേഷം കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക.
6. കണ്ണുകളും, മൂക്കും, വായുമെല്ലാം കൈകള്‍ കൊണ്ട് തൊടുന്നത് കുറക്കുക. അസുഖം ബാധിച്ച മൃഗങ്ങളുമായും, പഴകിയ ഇറച്ചിയുമായും പരമാവധി അകലം പാലിക്കുക.
7. വേണ്ട പോലെ പാചകം ചെയ്യാത്ത ഇറച്ചി, പഴകിയ ഡയറി ഉത്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.