ദില്ലി: (www.mediavisionnews.in) കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനത്തെ പിന്തുണച്ചാല്‍ തനിക്കെതിരായ കേസുകള്‍ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചാല്‍ സുരക്ഷിതമായി ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് ഉറപ്പുതരാമെന്നും കേന്ദ്രം വാഗ്ദാനം ചെയ്തതായി സാക്കിര്‍ നായിക് പറഞ്ഞു.
ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് സാക്കിര്‍ നായിക്ക് ഈ കാര്യം പറയുന്നത്. യാസിര്‍ ഖാദി എന്നയാള്‍ സംസാരിച്ച ശേഷം ഫേസ്ബുക്കിലിട്ട കുറിപ്പിന് പിന്നാലെയായിരുന്നു ഇക്കാര്യം വിശദമാക്കി സാക്കിര്‍ തന്നെ പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ സമീപിച്ചു. കേന്ദ്രസര്‍ക്കാറിന്‍റെ പ്രതിനിധിയായിട്ടായിരുന്നു അയാള്‍ 2019 സെപ്തംബറില്‍ എന്നെ സമീപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ട് നിര്‍ദേശം നല്‍കിയതനുസരിച്ചാണ് താന്‍ ഇവിടെ വന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. മലേഷ്യയിലായിരുന്നു അദ്ദേഹമെത്തിയത്. മുസ്ലിം രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ തന്‍റെ ബന്ധം ഉപയോഗിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചു. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ നടപടിയെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ കേസുകളെല്ലാം പിന്‍വലിക്കാമെന്നും ഇന്ത്യയിലേക്ക് തിരിച്ചുവരാമെന്നും വ്യക്തമാക്കി.
ഈ വാഗ്ദാനങ്ങള്‍ തന്നെ അമ്പരിപ്പിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് പ്രസംഗങ്ങളില്‍ മിനിറ്റില്‍ ഒമ്പത് തവണ എന്‍റെ പേര് പറഞ്ഞ പ്രധാനമന്ത്രിക്ക് എങ്ങനെ ഇത് സാധ്യമാകുന്നുവെന്ന് അറിയില്ല. തനിക്ക് നല്ലതല്ലെന്ന് തോന്നിയതിനാല്‍ അപ്പോള്‍ തന്നെ ഇല്ലെന്ന് തീര്‍ത്തുപറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് ഭരണഘടനാ വിരുദ്ധമാണെന്നും കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണെന്നും താന്‍ വ്യക്തമാക്കിയതായി വീഡിയോയില്‍ സാക്കിര്‍ നായിക് അവകാശപ്പെടുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.