കര്‍ണാടകത്തില്‍നിന്ന് ശബരിമലയിലെത്തിയ മുസ്ലിങ്ങളെ പോലീസ് തടഞ്ഞു; ദര്‍ശനം നടത്താതെ മടങ്ങി

0
188

പത്തനംതിട്ട: (www.mediavisionnews.in) പരമ്പരാഗത വേഷത്തിലെത്തിയ മുസ്ലിങ്ങള്‍ ഉണ്ടായിരുന്നതിന്റെ പേരില്‍, ശബരിമല ദര്‍ശനത്തിനെത്തിയ കര്‍ണാടക സംഘത്തെ പോലീസ് തടഞ്ഞുവെച്ചു. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോയും ചേര്‍ന്നാണ് ഇവരെ തടഞ്ഞത്. മുസ്‌ലിങ്ങളായ അയ്യപ്പഭക്തര്‍ മാനസികവിഷമത്തെത്തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങി.

ശബരിമല വലിയ നടപ്പന്തലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ചിക്‌ബെല്ലാപ്പൂര്‍ ജില്ലയിലെ ചിന്താമണി സ്വദേശികളായ ഭാര്‍ഗവേന്ദ്ര, പ്രേംകുമാര്‍, ടി.വി.വിനോദ്, ബാബു റെഡ്ഡി, അന്‍സാര്‍ഖാന്‍, നയാജ്ബാഷ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ അന്‍സാര്‍ഖാന്‍, നയാജ്ബാഷ എന്നിവര്‍ മുസ്ലിം വേഷത്തിലായിരുന്നു. ഇവര്‍ വലിയനടപ്പന്തലിലെത്തിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തിരക്കി.

മുസ്ലിം വേഷത്തിലുള്ളവര്‍ തങ്ങളുടെ സുഹൃത്തുക്കളാണെന്നും വിശ്വാസമുള്ളതുകൊണ്ടാണ് വന്നതെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും സംഘത്തിന്റെ ദര്‍ശനം പോലീസ് തടഞ്ഞു. ഇവരെ പമ്പ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പമ്പയിലുണ്ടായിരുന്ന കര്‍ണാടക പോലീസിന്റെ സാന്നിധ്യത്തില്‍ ഇവരെ വിശദമായി ചോദ്യംചെയ്തു. സംശയകരമായി ഒന്നും കണ്ടെത്താനായില്ല. കര്‍ണാടകയിലും വിവരങ്ങള്‍ തിരക്കി. അന്‍സാര്‍ഖാനും നയാജ്ബാഷയും പഴത്തിന്റെ മൊത്തക്കച്ചവടക്കാരാണ്. ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ പ്രശ്‌നത്തില്‍ ഇടപെട്ടു. മുസ്ലിങ്ങള്‍ക്ക് ദര്‍ശനം നടത്താമെന്ന് അറിയില്ലെന്നായിരുന്നു കേന്ദ്രപോലീസിന്റെ നിലപാട്.

ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലോടെ സംഘത്തിന് ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കാന്‍ നിര്‍ദേശമുണ്ടായി. എന്നാല്‍, വിഷമമുണ്ടായതിനാല്‍ സന്നിധാനത്തേക്ക് പോകുന്നില്ലെന്ന നിലപാടില്‍ അന്‍സാര്‍ഖാനും നയാജ്ബാഷയും പമ്പയില്‍ത്തന്നെ തങ്ങി. മറ്റുള്ളവര്‍ ദര്‍ശനം നടത്തി. സംഭവം വിവാദമായതോടെ പോലീസ് ബന്ധപ്പെട്ടവരോട് വിശദീകരണം േതടിയതായാണ് വിവരം.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here