ഇറാഖിൽ വീണ്ടും റോക്കറ്റാക്രമണം, റോക്കറ്റ് പതിച്ചത് ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം

0
207

ബാഗ്ദാദ്: (www.mediavisionnews.in) ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീഷണിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ, ഇറാഖിൽ വീണ്ടും ഇറാന്‍റെ റോക്കറ്റാക്രമണം. രാജ്യതലസ്ഥാനമായ ബാഗ്ദാദിലെ അതീവസുരക്ഷാമേഖലയായ (Green Zone) എംബസി മേഖലയിലാണ് റോക്കറ്റാക്രമണമുണ്ടായത്. അമേരിക്കൻ എംബസിയുൾപ്പടെ സ്ഥിതി ചെയ്യുന്ന ഇടത്താണ് ആക്രമണമുണ്ടായതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് എംബസിയുടെ നൂറ് മീറ്റർ ദൂരത്ത് റോക്കറ്റ് പതിച്ചതായാണ് വിവരം.

അർദ്ധരാത്രിയോടെയാണ് ആക്രമണം നടന്നത്. തുടർച്ചയായി രണ്ട് വലിയ സ്ഫോടനശബ്ദങ്ങൾ ഈ മേഖലയിൽ നിന്ന് കേട്ടതായാണ് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് തുടർച്ചയായി സൈറനുകൾ മുഴങ്ങുന്ന ശബ്ദവും കേട്ടു.

“രണ്ട് കത്യുഷ റോക്കറ്റുകൾ ബാഗ്ദാദിലെ ഗ്രീൻ സോണിൽ പതിച്ചിട്ടുണ്ട്. ആളപായമുള്ളതായി വിവരം കിട്ടിയിട്ടില്ല”, എന്ന് ഇറാഖിലെ സഖ്യസേനാ കമാൻഡർമാർ വ്യക്തമാക്കിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

ഇറാഖിൽ അമേരിക്കൻ സൈന്യവും സഖ്യസൈന്യവും തമ്പടിച്ചിരുന്ന അൽ അസദ്, ഇർബിൽ എന്നീ സൈനിക വിമാനത്താവളങ്ങളിൽ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി ഇരുപത്തിനാല് മണിക്കൂറിനകമാണ് ഇറാൻ വീണ്ടും ഇറാഖിലെ അതീവസുരക്ഷാ മേഖലയിൽ കയറി റോക്കറ്റാക്രമണം നടത്തുന്നത്.

ബാഗ്‍ദാദിലെ ഈ അതീവസുരക്ഷാ മേഖലയിലുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. എന്നാൽ വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടുമില്ല. പക്ഷേ, സഖ്യസേനയുടേതടക്കം മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകളുള്ള എംബസി മേഖലയിലാണ് ആക്രമണമുണ്ടായത് എന്നത് ആശങ്ക കൂട്ടുന്നുണ്ട്.

മധ്യബാഗ്‍ദാദിൽ 2003-ൽ അമേരിക്ക ആക്രമണം നടത്തി സഖ്യസേന പിടിച്ചടക്കിയ ശേഷം നിർമിച്ച അതീവസുരക്ഷാമേഖലയാണിത്. ഇറാഖിൽ മറ്റേതൊരു ഇടത്തേക്കാൾ സുരക്ഷിതമായ ഇടമാണിതെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ മേഖലയിൽ നടക്കുന്നത് തുടർച്ചയായ ആക്രമണങ്ങളാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here