മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം സ്വദേശിനിയായ അധ്യാപികയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ്. കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും മഞ്ചേശ്വരം സി.ഐ വ്യക്തമാക്കി. ഇതിനിടെ രൂപശ്രീയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധവും നടന്നു.
മഞ്ചേശ്വരം മിയാപദവ് എച്ച്എസ്എസിലെ രൂപശ്രീയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രൂപശ്രീയുടെ മരണം മുങ്ങിമരണമായിരുന്നുവെന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ശരീരത്തില്‍ വസ്ത്രങ്ങളും ഇല്ലാതിരുന്നതും മുടി മുറിഞ്ഞ അവസ്ഥയിലായതുമാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് ബന്ധുക്കളെ എത്തിച്ചത്. എന്നാല്‍ ഇത് തിരയുടെ ശക്തിയില്‍ നഷ്ട്ടപ്പെട്ടതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
രൂപശ്രീയെ ശല്യം ചെയ്തിരുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന സഹപ്രവര്‍ത്തകനായ അധ്യാപകനെ ഇന്ന് വീണ്ടും മഞ്ചേശ്വരം പൊലീസ് ചോദ്യം ചെയ്തു. ഇയാളില്‍ കൂടുതല്‍ കാര്യങ്ങളും ശേഖരിച്ചു. അധ്യാപികയുടെ മരണത്തില്‍ ഏതെങ്കിലും തരത്തില്‍ ഇൗ അധ്യാപകന് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് സംഘം അന്വേഷിച്ചു വരികയാണ്.
ഇതിനിടെ രൂപശ്രീ പഠിപ്പിച്ചിരുന്ന മിയാപദവ് ഹയര്‍സെക്കന്ററി സ്കൂളിന് മുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാവണമെന്നും രൂപശ്രീയ്ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക