ലഖ്‌നൗ: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശില്‍ ഉണ്ടായ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
ബുലന്ദര്‍, മഥുര, ഗാസിയാബാദ്, ആഗ്ര തുടങ്ങി നിരവധി നഗരങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ബുല്‍ദ്ഷഹറില്‍, ഡിസംബര്‍ 28 വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ആഗ്രയില്‍ ഇന്ന് മാത്രമാണ് ഇന്റര്‍നെറ്റിന് നിരോധനം.
വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനകള്‍ക്ക് മുന്നോടിയായി അക്രമസംഭവങ്ങള്‍ നടക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി യു.പിയില്‍ സുരക്ഷയും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
അര്‍ദ്ധസൈനിക വിഭാഗത്തെയും സംസ്ഥാന പോലീസ് സേനയെയും വിന്യസിക്കുകയും നിരവധി ജില്ലകളില്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിനുമാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനെതിരെ നടന്ന പൊലീസ് വെടിവെപ്പില്‍ യു.പിയില്‍ മാത്രം ഇതുവരെ 17 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ദല്‍ഹി ജുമഅ മസ്ജിദിന് സമീപത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദല്‍ഹിയിലെ മൂന്ന് ഇടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സീലംപൂര്‍, ജഫ്രാബാദ്, യു.പി ഭവന്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. യു.പി ഭവന് മുന്നില്‍ കഴിഞ്ഞ ഒരാഴ്ചയായി ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ