രാജ്യത്തെയും ഭരണഘടനയെയും നശിപ്പിക്കരുത്’; പൗരത്വ ഭേദഗതി ബില്ലില്‍ നിലപാട് വ്യക്തമാക്കി സി.പി.ഐ.എമ്മും ഡി.എം.കെയും

0
227

ന്യൂദല്‍ഹി (www.mediavisionnews.in) : പൗരത്വ ഭേദഗതി ബില്ലില്‍ നിലപാട് ആവര്‍ത്തിച്ച് സി.പി.ഐ.എമ്മും ഡി.എം.കെയും. രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ ബില്ലിനെ എതിര്‍ത്തുകൊണ്ട് ഇരു പാര്‍ട്ടികളും സംസാരിച്ചു. സി.പി.ഐ.എമ്മിനു വേണ്ടി ടി.കെ രംഗരാജനും ഡി.എം.കെയ്ക്കു വേണ്ടി തിരുച്ചി ശിവയുമാണ് സഭയില്‍ സംസാരിച്ചത്. അഞ്ച് എം.പിമാര്‍ വീതമാണ് ഇരു പാര്‍ട്ടികള്‍ക്കും രാജ്യസഭയിലുള്ളത്.

രാജ്യത്തെയും ഭരണഘടനയെയും നശിപ്പിക്കരുതെന്ന് രംഗരാജന്‍ ആവശ്യപ്പെട്ടു. ‘നിങ്ങളാണു നിയമം ഉണ്ടാക്കുന്നതെന്നു വിചാരിക്കുക, അപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ആരായിരിക്കും ഉത്തരവാദി?

ഇതാണ് എന്റെ പാര്‍ട്ടി ഇതിനെ എതിര്‍ക്കാന്‍ കാരണം. രാജ്യത്തയും ഭരണഘടനയെയും നശിപ്പിക്കരുത്. ഇതെന്റെ അഭ്യര്‍ഥനയാണ്.’- അദ്ദേഹം പറഞ്ഞു.

ബില്‍ പാസ്സായാല്‍ അതു നമ്മുടെ മതേതരത്വത്തിനേറ്റ പ്രഹരമാകുമെന്നു ശിവ അഭിപ്രായപ്പെട്ടു. ‘ഈ രാജ്യത്തെ എല്ലാ പൗരന്മാരെയും നീതീകരിക്കാനുള്ള ജനവിധിയാണു നിങ്ങള്‍ക്കു ലഭിച്ചത്. അല്ലാതെ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്താനോ അവരെ ഇരകളാക്കുന്നുവെന്ന തോന്നലുണ്ടാക്കാനോ വേണ്ടിയല്ല.

ഭൂട്ടാന് ഒരു മതമുണ്ട്. എന്തുകൊണ്ടാണ് അവരെ ഒഴിവാക്കിയത്? എന്തുകൊണ്ട് ശ്രീലങ്കയിലെയും മ്യാന്മാറിലെയും ചൈനയിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന മുസ്‌ലിങ്ങളെ ഒഴിവാക്കിയത്? എന്തിനാണ് ഈ പരിശ്രമങ്ങളൊക്കെ ഒരു മതവിഭാഗത്തിനു നേര്‍ക്കു നടത്തുന്നത്: മുസ്‌ലിങ്ങള്‍ക്കെതിരെ?’- അദ്ദേഹം പറഞ്ഞു.

നേരത്തേ ബില്ലിനെ എതിര്‍ത്ത് ടി.ആര്‍.എസും സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു.ബില്‍ മുസ്ലിം വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭയില്‍ ടി.ആര്‍.എസിനു വേണ്ടി സംസാരിച്ച കേശവ റാവു നിലപാട് വ്യക്തമാക്കിയത്.

ബില്‍ പിന്‍വലിക്കണമെന്നും ഇന്ത്യയെന്ന ആശയത്തെ ഇതു വെല്ലുവിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറംഗങ്ങളാണ് ടി.ആര്‍.എസിനു രാജ്യസഭയിലുള്ളത്.

പൗരത്വ ഭേദഗതി ബില്ലിലൂടെയും എന്‍.ആര്‍.സിയിലൂടെയും ജിന്നയുടെ സ്വപ്നം സാക്ഷാത്കരിക്കാനാണു ശ്രമിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി എം.പി ജാവേദ് അലി ഖാന്‍ രാജ്യസഭയില്‍ പറഞ്ഞു. ഒമ്പത് എം.പിമാരാണ് രാജ്യസഭയില്‍ സമാജ്വാദിക്കുള്ളത്.

അതേസമയം ബില്ലിനെ പിന്തുണച്ച് ജെ.ഡി.യു രംഗത്തെത്തി. ബില്‍ വളരെ കൃത്യമാണെന്ന് ജെ.ഡി.യുവിനു വേണ്ടി രാജ്യസഭയില്‍ സംസാരിച്ച ആര്‍.സി.പി സിങ് അഭിപ്രായപ്പെട്ടു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here