മുംബൈ (www.mediavisionnews.in) :ആഭ്യന്തര ക്രിക്കറ്റില്‍ പകരം വെക്കാനില്ലാത്ത കളിക്കാരനാണ് വസിം ജാഫര്‍. ഇപ്പോഴിതാ പുതിയൊരു നാഴികകല്ല് കൂടി വസിം ജാഫര്‍ രഞ്ജി ട്രോഫിയില്‍ സൃഷ്ടിച്ചിരിക്കുന്നു. രഞ്ജിയില്‍ ആദ്യമായി 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന കളിക്കാരനായിരിക്കുകയാണ് വസിം ജാഫര്‍.
ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന വിദര്‍ഭയുടെ പ്രധാന കരുത്താണ് 42കാരനായ ഈ ഓപണര്‍. നേരത്തെ മുംബൈക്കുവേണ്ടി കളിച്ചിരുന്ന വസിം വിദര്‍ഭയിലെത്തിയപ്പോള്‍ രഞ്ജി കിരീടവും കൂടെ പോന്നു. വസിം ജാഫര്‍ ക്യാപ്റ്റനായിരിക്കെ രണ്ട് തവണ മുംബൈ രഞ്ജി കിരീടം നേടിയിട്ടുണ്ട്.
ആന്ധ്ര പ്രദേശിനെതിരെ ഗ്രൂപ് എയില്‍ ആദ്യ മത്സരം കളിച്ചതോടെയാണ് വസിം ജാഫര്‍ 150 മത്സരങ്ങളെന്ന നേട്ടത്തിലെത്തിയത്. മുന്‍ ഇന്ത്യന്‍ താരമായ വസിം ജാഫറിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20000 റണ്‍ തികക്കാന്‍ ഇനി 853 റണ്‍സ് കൂടി മതി. ഈ നേട്ടവും വസിം ജാഫര്‍ ഈ സീസണില്‍ തന്നെ സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്.
253 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 51.19 റണ്‍ ശരാശരിയില്‍ 19,147 റണ്‍സാണ് വസിം ജാഫര്‍ നേടിയിട്ടുള്ളത്. 57 സെഞ്ചുറികളും 88അര്‍ധ സെഞ്ചുറികളും നേടിയിട്ടുള്ള വസിം ജാഫറിന്റെ ഉയര്‍ന്ന സ്‌കോര്‍ 314 റണ്‍സാണ്.
ഇന്ത്യക്കുവേണ്ടി 2000-08 കാലത്ത് ടെസ്റ്റിലും വസിം ജാഫര്‍ കളിച്ചിട്ടുണ്ട്. ഓപണറായി ഇറങ്ങി അഞ്ച് സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറികളും അടക്കം 1944 റണ്‍സാണ് നേടിയത്. ഇതില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കുറിച്ച 212 റണ്‍സിന്റെ ഇരട്ട സെഞ്ചുറിയുമുണ്ട്. പിന്നീട് ഇടംകൈ ബാറ്റ്‌സ്മാന്‍ ഗൗതം ഗംഭീര്‍ വന്നതോടെയാണ് ജാഫറിന് ടീമില്‍ സ്ഥാനം നഷ്ടമായത്. തുടര്‍ന്നിങ്ങോട്ട് ദേശീയ ടീമിന്റെ നഷ്ടം ആഭ്യന്തര ക്രിക്കറ്റിന്റെ സൗഭാഗ്യമായി മാറുകയായിരുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക