‘മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ നിരീക്ഷിക്കണം’; വിചിത്ര നിര്‍ദ്ദേശവുമായി കര്‍ണാടക പൊലീസ്

0
158

മംഗളൂരു: (www.mediavisionnews.in) മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ നിരീക്ഷിക്കാന്‍ കര്‍ണാടക പൊലീസിന്റെ നിര്‍ദ്ദേശം. രേഖാമൂലമുള്ള നിര്‍ദ്ദേശമാണ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് പൊലീസ് നല്‍കിയിരിക്കുന്നത്.

നിരോധനാജ്ഞ നിലനിന്നിരുന്ന സമയത്താണ് ഇതു നല്‍കിയിട്ടുള്ളത്. മംഗളൂരുവില്‍ നടന്ന അക്രമ സംഭവങ്ങളുടെ പിന്നില്‍ മലയാളികളാണ് എന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്ന തരത്തിലുള്ളതാണു പുതിയ നിര്‍ദ്ദേശം.

നേരത്തേ മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ കേരളത്തില്‍ എത്തിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളിലായി വിദ്യാര്‍ത്ഥികളെ മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് എത്തിക്കുകയായിരുന്നു.

മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിവരാണ് മരിച്ചത്. പ്രതിഷേധം ശക്തമായതോടെ മംഗളൂരുവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു.

അതിനിടെ റിപ്പോര്‍ട്ടിങ്ങിനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത് ഏറെ വിവാദമായിരുന്നു. ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

എഷ്യാനെറ്റ്, മീഡിയാവണ്‍, 24 ന്യൂസ്, മാതൃഭൂമി തുടങ്ങിയ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തതും പിന്നീട് വിട്ടയച്ചതും.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here