ബലാത്സംഗം, ബാലപീഡനം എന്നീ കുറ്റകൃത്യങ്ങൾക്ക് ഒളിവിൽ പോയ നിത്യാനന്ദ, സ്വന്തം ‘ഹിന്ദു രാഷ്ട്രം’ പ്രഖ്യാപിച്ചു

0
200

ന്യൂദല്‍ഹി: (www.mediavisionnews.in) കുട്ടികളെ തട്ടിക്കൊണ്ടു പോയി തടവിലാക്കിയെന്നും അഹമ്മദാബാദിൽ തന്റെ ആശ്രമം നടത്തിപ്പിനായി അനുയായികളിൽ നിന്ന് സംഭാവന സ്വരൂപിക്കാൻ തടവിലാക്കിയ കുട്ടികളെ പ്രേരിപ്പിക്കുന്നുവെന്നും ആരോപിച്ച്, ആൾദൈവം നിത്യാനന്ദക്കായി ഗുജറാത്ത് പൊലീസ് തിരച്ചിൽ തുടരുകയാണ്. അതേസമയം നിത്യാനന്ദ തന്റേതായ ഒരു ‘രാജ്യം’ രൂപീകരിച്ചുവെന്ന് അവകാശപ്പെട്ട് കൈലാസ.ഓർഗ് എന്ന വെബ്‌സൈറ്റ് മുന്നോട്ട് വന്നിട്ടുണ്ട്. നിത്യാനന്ദ സ്വന്തം ‘രാജ്യം’ സ്ഥാപിക്കുകയും അതിന്റെ പതാക, ഭരണഘടന, ചിഹ്നം എന്നിവ രൂപകൽപ്പന ചെയ്യുകയും ചെയ്തു എന്നാണ് അവകാശപ്പെടുന്നത്.

പൊലീസിന് പിടി കൊടുക്കാതെ ഒളിവിൽ പോയ നിത്യാനന്ദ തന്റേതായ ഒരു ‘ഹിന്ദു പരമാധികാര രാഷ്ട്രം’ പ്രഖ്യാപിച്ചിട്ടുണ്ടെന്നും “കൈലാസ” എന്നറിയപ്പെടുന്ന രാജ്യത്തിന് ഒരു പ്രധാനമന്ത്രിയോടൊപ്പം ഒരു മന്ത്രിസഭയുണ്ടെന്നും വെബ്‌സൈറ്റ് പറയുന്നു. രാജ്യത്തിനായി സംഭാവന നൽകണമെന്നും അതിലൂടെ “ഏറ്റവും വലിയ ഹിന്ദുരാഷ്ട്രമായ കൈലാസയുടെ പൗരത്വം നേടാനുള്ള അവസരമുണ്ടെന്നും വെബ്സൈറ്റ് പറയുന്നതായി വാർത്താ ഏജൻസിയായ ഐ‌എ‌എൻ‌എസ് റിപ്പോർട്ട് ചെയ്തു.

സൈബർ വിദഗ്ധരുടെ അഭിപ്രായത്തിൽ, വെബ്‌സൈറ്റ് സൃഷ്ടിച്ചത് 2018 ഒക്ടോബർ 21- നാണ്, ഇത് അവസാനമായി അപ്‌ഡേറ്റുചെയ്‌തത് 2019 ഒക്ടോബർ 10- നാണ്. വെബ്‌സൈറ്റ് പനാമയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് അതിന്റെ ഐ.പി യു.എസിലെ ഡാളസിലാണ്.

എന്നിരുന്നാലും, ‘കൈലാസ’ ‘രാഷ്ട്രം’ എവിടെയാണെന്ന് വെബ്‌സൈറ്റിൽ പറയുന്നില്ല. അതിർത്തികളില്ലാത്ത ഒരു രാജ്യമാണ് കൈലാസ എന്നും ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ സ്വന്തം രാജ്യങ്ങളിൽ ഹിന്ദുമതം ആചരിക്കാനുള്ള അവകാശം നഷ്‌ടപ്പെട്ടതിനെ തുടർന്ന് രൂപീകരിച്ചതാണ് ഇതെന്നും വെബ്‌സൈറ്റിൽ പറയുന്നു.

“കൈലാസ പ്രസ്ഥാനം അമേരിക്കയിൽ സ്ഥാപിതമായതാണെങ്കിലും, ഹിന്ദു ആദി ശൈവ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളുടെ നേതൃത്വത്തിലാണ്, ഇത് സൃഷ്ടിക്കപ്പെട്ടത്. വംശം, ലിംഗഭേദം, വിഭാഗം, ജാതി, മതം എന്നിവ കണക്കിലെടുക്കാതെ, ലോകത്തെ എല്ലാ വിശ്വാസികളായ, ഹിന്ദുമതത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന, അല്ലെങ്കിൽ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കൾക്ക് ഒരു സുരക്ഷിത താവളം ഈ രാജ്യം വാഗ്ദാനം ചെയ്യുന്നു. സമാധാനപരമായി ജീവിക്കാനും അവരുടെ ആത്മീയത, കലകൾ, സംസ്കാരം എന്നിവ നിഷേധം, ഇടപെടൽ, അക്രമം എന്നിവ സ്വതന്ത്രമായി പ്രകടിപ്പിക്കാനും ഇവിടെ സാധിക്കും.” വെബ്സൈറ്റിൽ പറയുന്നു.

‘റിഷഭ ധ്വജ’ എന്നറിയപ്പെടുന്ന ഒരു പതാകയും ഹിന്ദു രാജ്യത്തിനുണ്ടെന്ന് വെബ്‌സൈറ്റ് പറയുന്നു. നിത്യാനന്ദൻ തന്നെ ആണ് ശിവന്റെ വാഹനമായ നന്ദിയോടൊപ്പം ഈ പതാകയിൽ ഉള്ളത്. വെബ്സൈറ്റിൽ പറയുന്ന പ്രകാരം വിദ്യാഭ്യാസം, ട്രഷറി, വാണിജ്യം തുടങ്ങി നിരവധി സർക്കാർ വകുപ്പുകളും ‘കൈലാസ’യിൽ ഒരുങ്ങുന്നുണ്ട്. സനാതന ഹിന്ദു ധർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ‘പ്രബുദ്ധമായ നാഗരികത വകുപ്പ്’ ആണ് ഇതിൽ വേറിട്ടു നിൽക്കുന്നത്.

ഈ ‘രാജ്യത്ത്’ ഒരു ‘ധാർമിക് ഇക്കോണമി’ ഉണ്ടെന്നും ക്രിപ്റ്റോകറൻസി ഉൾപ്പെടെ സ്വീകരിക്കുന്ന ഒരു ഹിന്ദു ഇൻവെസ്റ്റ്‌മെന്റ് ആൻഡ് റിസർവ് ബാങ്ക് ഉണ്ടെന്നും അവകാശപ്പെടുന്നു. വെബ്‌സൈറ്റിന് സ്വന്തമായി പാസ്‌പോർട്ട് ഉണ്ടെന്നും ഒരാൾക്ക് ‘കൈലാസ’യുടെ പൗരനായി അപേക്ഷിക്കാമെന്നും പറയപ്പെടുന്നു.

“പൗരന്മാർക്ക് കൈലാസ പാസ്‌പോർട്ട് നൽകും, പരമശിവന്റെ കൃപയാൽ ഈ പാസ്‌പോർട്ട് കൈവശമുള്ളയാൾക്ക് പതിനൊന്ന് മാനങ്ങളിലും (dimensions) കൈലാസ ഉൾപ്പെടെ പതിനാല് ലോകങ്ങളിലും സൗജന്യ പ്രവേശനം അനുവദിക്കും,” വെബ്സൈറ്റിൽ പറയുന്നു.

ആത്മീയതയുടെ മറവിൽ തന്റെ മുൻ ശിഷ്യയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവും നിത്യാനന്ദ നേരിടുന്നുണ്ട്. കഴിഞ്ഞ മാസം ഗുജറാത്ത് പൊലീസ് ഇയാളുടെ രണ്ട് സഹായികളെ അറസ്റ്റുചെയ്തു. തട്ടിക്കൊണ്ടു പോകൽ, തെറ്റായ തടവ്, സ്വമേധയാ ഉപദ്രവിക്കൽ, സമാധാനം ലംഘിക്കാൻ മനഃപൂർവമായ ശ്രമം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ബാലവേല (നിരോധനവും നിയന്ത്രണവും) നിയമ പ്രകാരവും കുറ്റങ്ങൾ ചുമത്തി നിത്യാനന്ദക്കെതിരെ കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here