പൗരത്വ നിയമഭേദഗതി ഭരണഘടനാവിരുദ്ധം: കാന്തപുരം

0
179

കോഴിക്കോട്: (www.mediavisionnews.in) കുടിയേറ്റക്കാരില്‍ മുസ്‌ലിംകളൊഴികെയുള്ളവര്‍ക്ക് ദ്രുതഗതിയില്‍ പൗരത്വം നല്‍കി മുസ്‌ലിംകളെ ഏകപക്ഷീയമായി മാറ്റിനിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യത്തെ പൗരന്‍മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വമുള്‍പ്പടെയുള്ള മൂല്യങ്ങള്‍ക്ക് എതിരാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റുമായ എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇത് സംബന്ധമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ പ്രധാനമന്ത്രിയെ അടിയന്തരമായി കാണും. നിയമപരമായും ബില്ലിനെതിരെ കോടതിയെ സമീപിക്കുമെന്നും കാന്തപുരം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന പൗരത്വനിയമ ഭേദഗതി ബില്ലില്‍ അടിവരയിട്ടു പറയുന്നത് മുസ്ലിങ്ങള്‍ ഒഴികെയുള്ള പാകിസ്ഥാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ബൗദ്ധര്‍ക്കും ജൈനര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പൗരത്വം നല്‍കുമെന്നാണ്. ഇത് ഭരണഘടനയുടെ 14ാം അനുച്ഛേദം അനുശാസിക്കുന്ന എല്ലാവര്‍ക്കും തുല്യത എന്ന വ്യവസ്ഥയ്ക്ക് കടകവിരുദ്ധം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനശിലയായ മതേതര ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതുമാണ്. പൗരത്വഭേദഗതി ബില്ലും ദേശീയതലത്തില്‍ പൗരത്വപട്ടിക തയ്യാറാക്കാനുള്ള ഉദ്യമവും ഇന്ത്യയിലെ മുസ്ലിം സമുദായത്തെ വിശേഷിച്ച് മുസ്‌ലിംകളെ അസ്ഥിരപ്പെടുത്താനും ലക്ഷ്യംവച്ചിട്ടുള്ളതുമാണ്.

ഈ നവജാതി ക്രമത്തില്‍ മുസ്‌ലിംങ്ങള്‍ പുതിയ ദളിതരായി മാറും. ഈ രാജ്യത്ത് ജനിക്കുകയും പതിറ്റാണ്ടുകളായി രാജ്യത്തോട് കൂറുപുലര്‍ത്തി ജീവിച്ചുവരികയും ചെയ്യുന്ന മുസ്‌ലിം സമുദായത്തെ നാടുകടത്തുന്നതിനാണ് മതാടിസ്ഥാനത്തിലുള്ള ഇത്തരമൊരു പൗരത്വരേഖയെന്നത് ഭീതിജനകമാണ്. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമനിര്‍മാണം രാജ്യം പുലര്‍ത്തിപ്പോരുന്ന മതേതര മൂല്യങ്ങള്‍ക്കും ഭരണഘടനാതത്വങ്ങള്‍ക്കും ഒരുനിലയ്ക്കും നിരക്കാത്തതാണ്.

മുഴുവന്‍ കുടിയേറ്റക്കാരെയും മനുഷ്യരായി പരിഗണിക്കുന്നതിന് പകരം അവരോട് മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അപമാനമാണ്. വിവിധരീതിയിലുള്ള ആക്രമണങ്ങള്‍ക്കു വിധേയരായിക്കൊണ്ടിരിക്കുന്ന രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്കുനേരെ ഭരണകൂടം നേരിട്ടു നടത്തുന്ന അതിക്രമാണിത്. തീര്‍ത്തും വര്‍ഗീയ താല്പര്യത്തോടെയുള്ള ബില്ലിനെ രാജ്യതാല്പര്യമുള്ള മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒന്നിച്ച് എതിര്‍ത്തു തോല്‍പ്പിക്കണം. ഭരണകൂടമുണ്ടാക്കിയ കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനും മറികടക്കാന്‍ രാജ്യത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കി ഭരണം നിലനിര്‍ത്താനും നടത്തുന്ന ശ്രമങ്ങളെ ഈ രാജ്യത്തെ പൗരസമൂഹം തിരിച്ചറിയണം. പൗരന്‍മാര്‍ക്ക് നിര്‍ഭയമായി ജീവിക്കാനുള്ള സാഹചര്യത്തിനായി രാജ്യത്തെ പ്രമുഖ പാര്‍ട്ടികള്‍ അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here