പൗരത്വ നിയമഭേദഗതി: ബി.ജെ.പിയില്‍ നിന്നു രാജിവെച്ച് ന്യൂനപക്ഷ മോര്‍ച്ചാ നേതാവ്; രാജിവെച്ചത് ലീഗ് സ്ഥാപക നേതാവിന്റെ കൊച്ചുമകന്‍

0
181

കോഴിക്കോട്: (www.mediavisionnews.in) ബി.ജെ.പിക്കു കനത്ത തിരിച്ചടി നല്‍കി പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് ബി.ജെ.പിയില്‍ നിന്നു രാജിവെച്ചു. ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുസ്‌ലിം ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളായ അബ്ദു റഹിമാന്‍ ബാഫഖി തങ്ങളുടെ കൊച്ചുമകനുമായ സയ്യിദ് താഹ ബാഫഖി തങ്ങളാണു രാജിവെച്ചത്.

ബാഫഖി തങ്ങള്‍ ട്രസ്റ്റിന്റെ ചെയര്‍മാനാണ് അദ്ദേഹം ഇപ്പോള്‍. ഓഗസ്റ്റില്‍ അദ്ദേഹം ലീഗ് അംഗത്വം രാജിവെച്ചാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അന്ന് തങ്ങള്‍ക്കൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള 23 പേര്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തിരുന്നു.

താനൊരു പൂര്‍ണ ഇസ്‌ലാം മതവിശ്വാസിയാണെന്നും ഇപ്പോള്‍ മുസ്‌ലിം സമുദായം പരിഭ്രാന്തിയിലാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പ്രതികരിച്ചു.

‘എനിക്കു മറ്റു മതക്കാരുമായി അഭിപ്രായ വ്യത്യാസങ്ങളില്ല. അവരുമായി നല്ല ബന്ധം തന്നെയാണുള്ളത്. എന്നാല്‍ മുസ്‌ലിം സമുദായം ഇന്നു പരിഭ്രാന്തിയിലാണ്. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു സര്‍വകക്ഷിയോഗം പോലും വിളിക്കുന്നില്ല. ഈ പരിഭ്രാന്തിക്കു മറുപടി നല്‍കുന്നുമില്ല.

അതുകൊണ്ട് എന്റെ സമുദായത്തെ ദുഃഖത്തിലാക്കി ഈ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ എനിക്കു താത്പര്യമില്ല. ഒന്നു രണ്ടാഴ്ച എന്തെങ്കിലും തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുമോ സര്‍വകക്ഷി യോഗം വിളിക്കുമോ എന്നെല്ലാം ഞാന്‍ കാത്തിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല.

നമ്മുടെ രാജ്യത്തു പല അക്രമങ്ങളും ഇതിന്റെ പേരില്‍ നടക്കുകയാണ്. രാജ്യസഭയിലും ലോക്‌സഭയിലും ബില്‍ പാസ്സായി എന്നു കരുതി ജനങ്ങളുടെ വികാരം കണക്കിലെടുക്കാതിരിക്കുന്നത് എന്തു നീതിയാണ്? അതും ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരം തീരെ കണക്കിലെടുക്കുന്നില്ല.

അതുകൊണ്ടു തന്നെ ഈ പാര്‍ട്ടിയില്‍ നിന്നു രാജിവെയ്ക്കാനാണ് എന്റെ തീരുമാനം,’ അദ്ദേഹം പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here