ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തിയ ജാമിഅ മില്ലിയ സർവകലാശാലയിലെ ഒരു വിഭാഗം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തിയവരേയും അറസ്റ്റു ചെയ്തു. ജാമിഅ മില്ലിയ വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ചിന് അനുമതി നൽകിയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ചെങ്കോട്ട പരിസരത്തേക്ക് ജാമിഅയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കണക്കിലെടുത്ത് ഡൽഹിയിൽ നാല് മെട്രോ സ്‌റ്റേഷനുകൾ അടച്ചു. എന്നാൽ ഒട്ടോയിലും മറ്റുമായി വിദ്യാർത്ഥികൾ മാർച്ച് സംഘടിപ്പിക്കുന്ന പ്രദേശത്തേക്ക് എത്തി. മാർച്ചിനെത്തിയവരെ പ്രത്യേകം ടൂറിസ്റ്റ് ബസ് തരപ്പെടുത്തിയാണ് പൊലീസ് പരിസരത്ത് നിന്ന് നീക്കിയത്. വിദ്യാർത്ഥികളെ നീക്കുന്നതിനായി അൻപതോളം ടൂറിസ്റ്റ് ബസുകൾ എത്തിയിട്ടുണ്ട്. നൂറിലധികം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ പല നഗരങ്ങളിലും പൊലീസ് അനുമതി നൽകിയിട്ടില്ല. ഇന്ന് രാജ്യത്തെ പത്തിലധികം നഗരങ്ങളിൽ ഒരേസമയം പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ട്. മധ്യ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നാലോ അതിലധികമോ ആളുകളുടെ ഒത്തുചേരൽ നിരോധിച്ചുകൊണ്ട് ഏതെങ്കിലും റാലിക്കുള്ള അനുമതി ഡൽഹിയിൽ നിഷേധിച്ചു. വലിയ സമ്മേളനങ്ങൾ ലഖ്‌നൗവിലും നിരോധിച്ചു.
ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കർണാടകയും നിയന്ത്രങ്ങൾ ഏർപ്പെടുത്തി. മുംബൈ, ചെന്നൈ, പൂനെ, ഹൈദരാബാദ്, നാഗ്പൂർ, ഭുവനേശ്വർ, കൊൽക്കത്ത, ഭോപ്പാൽ എന്നിവിടങ്ങളിൽ ഇതുവരെ പ്രതിഷേധ പ്രകടനങ്ങൾക്ക് അനുമതി അനുവദിച്ചിട്ടില്ല.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.