ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരായി പശ്ചിമ ബംഗാളില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ പ്രക്ഷോഭകര്‍ കാലിയായ അഞ്ച് ട്രെയിനുകള്‍ക്ക് തീവെച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധങ്ങളില്‍ മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ അടക്കം 15 ബസുകള്‍ക്ക് തീയിട്ടു. യാത്രക്കാരെ ബസുകളില്‍നിന്ന് ഇറക്കിയ ശേഷമായിരുന്നു ബസുകള്‍ അഗ്നിക്കിരയാക്കിയത്. ദക്ഷിണ ബംഗാളിലേയ്ക്കുള്ള ദേയീയപാത- 34 മുര്‍ഷിദാബാദില്‍ പ്രക്ഷോഭകാരികള്‍ തടഞ്ഞത് ഗതാഗതം സ്തംഭിപ്പിച്ചു. ഇവിടെ ടോള്‍ പ്ലാസയും അഗ്നിക്കിരയാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഹൗറയിലെ സങ്ക്രൈല്‍ റെയില്‍വേ സ്‌റ്റേഷനു പരിസരത്തുള്ള റോഡുകള്‍ നൂറകണക്കിനു വരുന്ന പ്രക്ഷോഭകര്‍ തടയുകയും റെയില്‍വേ സ്‌റ്റേഷന്‍ കെട്ടിത്തില്‍ തീയിടുകുയം ചെയ്തു. ടിക്കറ്റ് കൗണ്ടര്‍ അടക്കം സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഒരു ഭാഗം അഗ്നിക്കിരയായി. സമീപമുള്ള ഒരു കടയ്ക്കും പ്രതിഷേധക്കാര്‍ തീയിട്ടു.
മുര്‍ഷിദാബാദിലെ പോരാഡംഗ, ജങ്ഗിപുര്‍, ഫറാക്ക എന്നീ റെയില്‍വേ സ്റ്റേഷനുകളിലെ പാളങ്ങളില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഹൗറ ജില്ലയിലെ ബൗറിയ, നല്‍പുര്‍ സ്റ്റേഷനുകളിലും പ്രതിഷേധം മൂലം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.