പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടോ, എന്നാല്‍ വണ്ടി രജിസ്‌ട്രേഷന്‍ തരാം; വേറിട്ട നിയമവുമായി ഒരു സംസ്ഥാനം

0
233

ബെംഗളൂരു (www.mediavisionnews.in) : സംസ്ഥാനത്ത് വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ പുതിയ വ്യവസ്ഥ ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. പാര്‍ക്കിംഗ് സ്ഥലം ഉണ്ടെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്ത് നല്‍കുകയുള്ളൂ എന്നതാണ് സംസ്ഥാന ഗതാഗത വകുപ്പിന്റെ പുതിയ വ്യവസ്ഥ.

ഇതുമായി ബന്ധപ്പെട്ടുള്ള കരടുരേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് നിലവിലുളള വാഹന ഉടമകള്‍ക്ക് രണ്ടു വര്‍ഷം വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലമുണ്ടെന്നു കാണിക്കുന്ന രേഖകള്‍ ഹാജരാക്കണം. ഇതില്‍ വീഴ്ച്ച വരുത്തുന്ന വാഹന ഉടമകള്‍ ഓരോ തവണ വാഹനം പാര്‍ക്ക് ചെയ്യുമ്പോഴും പിഴ അടക്കണ്ടതായി വരുമെന്നും കരടു രേഖയില്‍ വ്യക്തമാക്കുന്നു.

വ്യക്തികള്‍ക്കു പുറമേ സ്വകാര്യ ടാക്‌സികള്‍, ലോറികള്‍, കമ്പനി വാഹനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം പുതിയ നിയമം ബാധകമാണ്. നിലവില്‍ പാര്‍ക്കിംഗ് ഫീസ് ഇല്ലാത്ത റോഡുകളിലെ പാര്‍ക്കിംഗ് നിര്‍ത്തലാക്കാനും കരട് രേഖയില്‍ നിര്‍ദ്ദേശമുണ്ട്. കെട്ടിട നിര്‍മ്മാണ പ്ലാനുകളില്‍ വാഹന പാര്‍ക്കിംഗ് മാനദണ്ഡങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും കരടുരേഖ മുന്നോട്ട് വെയ്ക്കുന്നു.

ദിവസവും ആയിരക്കണക്കിനു പുതിയ വാഹനങ്ങളാണ് നഗരത്തിലെ നിരത്തുകളിലിറങ്ങുന്നതെന്നാണ് കണക്ക്. ഇവ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കിനു പുറമേ മതിയായ പാര്‍ക്കിംഗ് സൗകര്യങ്ങളില്ലാത്തതും യാത്രക്കാരെയും ട്രാഫിക് പൊലീസുകാരെയും കൂടാതെ സ്വകാര്യവ്യക്തികളെയും വളരെക്കാലമായി പ്രയാസത്തിലാക്കുകയാണ്.

ഒരു വീട്ടില്‍ തന്നെ ഒന്നിലധികം കാറുകളും ഇരുചക്രവാഹനങ്ങളും ഉണ്ടെന്നിരിക്കെ ഇവയെല്ലാം നിര്‍ത്തിയിടുന്നത് വീടിനു മുന്നിലുള്ള റോഡിലാണ്. റോഡിന്റെ 25 മുതല്‍ 50 ശതമാനം വരെ ഇങ്ങനെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ കൈയേറുന്ന അവസ്ഥയാണ് നിലവിലുള്ളത്. മറ്റു വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. കൂടാതെ വാഹന ഉടമകള്‍ മറ്റു വീടുകളുടെ മുന്നില്‍ സ്വന്തം വാഹനം നിര്‍ത്തിയിടുമ്പോഴും പരാതി വരാറുണ്ട്്.

പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരുന്നതോടെ റോഡുകളിലെ വാഹന പെരുപ്പം ഒഴിവാക്കാനാവുമെന്ന പ്രതീക്ഷയിലാണ് കര്‍ണാടക സര്‍ക്കാര്‍.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here