ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ കമ്മീഷന്‍; സഞ്ജീവ് ഭട്ട് പറഞ്ഞത് കള്ളമെന്ന് റിപ്പോര്‍ട്ട്

0
187

അഹമ്മദാബാദ്: (www.mediavisionnews.in) 2002-ല്‍ ഗോധ്രയിലെ തീവണ്ടി കത്തിക്കലിനു ശേഷം ഗുജറാത്തിലുണ്ടായ കലാപങ്ങളില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ സംസ്ഥാന സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ കമ്മീഷന്‍. ഗുജറാത്ത് നിയമസഭയില്‍ അല്‍പ്പസമയം മുന്‍പു സമര്‍പ്പിച്ച നാനാവതി-മേത്ത കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കലാപം ആസൂത്രണം ചെയ്തതല്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. കമ്മീഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ടാണിതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി കലാപം തടയാന്‍ ശ്രമിച്ചെന്നു പറയുന്ന റിപ്പോര്‍ട്ടില്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നടത്തിയ ആരോപണങ്ങള്‍ കള്ളമാണെന്ന് പറയുന്നു.

കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘവും നേരത്തേ മോദിസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 69 പേര്‍ കൊല്ലപ്പെട്ട ഗോധ്ര കലാപത്തിലെ 58 പ്രതികളേയും 2012-ല്‍ മെട്രോപൊളിറ്റന്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ഗോധ്ര തീവണ്ടി കത്തിക്കല്‍, ഗുജറാത്ത് കലാപം ഉള്‍പ്പടെ നിരവധി കലാപ പരമ്പരകള്‍  സംസ്ഥാനത്ത് അഴിച്ചുവിട്ടിരുന്നു. 2002 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി നടന്ന കലാപത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചതായാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്.

കലാപത്തില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015-ല്‍ സഞ്ജീവ് ഭട്ടിനെ പുറത്താക്കിയിരുന്നു. 2002ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here