ന്യൂഡല്‍ഹി: (www.mediavisionnews.in) കോളിളക്കം സൃഷ്ടിച്ച ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം തടവ്. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരയുടെ കുടുംബത്തിന് സേംഗര്‍ 25 ലക്ഷംരൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഉന്നാവോ ബലാത്സംഗ കേസില്‍ കുല്‍ദീപ് സേംഗര്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ഡല്‍ഹിയിലെ തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ വിധി പ്രസ്താവിച്ചത്. സേംഗറിനെതിരായ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായും ജഡ്ജി ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഉന്നാവോയില്‍നിന്ന് ഡല്‍ഹിയിലെ അതിവേഗ കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കുല്‍ദീപ് സേംഗറിനെതിരായ കേസ്. ഇതില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ പിന്നീട് പോലീസ് കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സംഭവം ദേശീയതലത്തില്‍ വാര്‍ത്തയാകുകയും വലിയ വിവാദത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
കേസ് നടന്നുകൊണ്ടിരിക്കെ 2019 ജൂലായില്‍ യുവതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച് ബന്ധുക്കളായ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് രക്ഷപ്പെട്ടത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക