ഇഞ്ചോടിഞ്ച് പോരാട്ടം; ഒടുവില്‍ രോഹിത്തിനെ മറികടന്ന് കോലി ഒന്നാമത്

0
191

കട്ടക്ക് (www.mediavisionnews.in) : ടീം ഇന്ത്യയുടെ 2019 വര്‍ഷത്തെ ക്രിക്കറ്റ് മത്സരങ്ങളെല്ലാം കട്ടക്ക് ഏകദിനത്തോടെ അവസാനിച്ചു. ഏകദിന ലോകകപ്പിലെ തിരിച്ചടി മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ ആധിപത്യം നിറഞ്ഞുനിന്ന വര്‍ഷമാണ് കടന്നുപോയത്.

ടീമിന്റെ പ്രകടനനത്തിന്റെ കാര്യത്തിലും താരങ്ങളുടെ പ്രകടനത്തിന്റെ കാര്യത്തിലും 2019-ല്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യ തന്നെയാണെന്നത് ഇതിന് അടിവരയിടുന്നു. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നീ ഫോര്‍മാറ്റുകളില്‍ നിന്നായി രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തോടെയാണ് ക്യാപ്റ്റന്‍ വിരാട് കോലി ഈ വര്‍ഷം അവസാനിപ്പിച്ചത്.

ഈ വര്‍ഷം ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മറികടന്നാണ് കോലി ഈ നേട്ടത്തിനുടമയായത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കോലി രാജ്യാന്തര ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാകുന്നത്.

ഈ വര്‍ഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 2455 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. രോഹിത്തിന്റെ പേരിലുള്ളത് 2442 റണ്‍സും.

26 ഏകദിനങ്ങളില്‍ നിന്ന് 1377 റണ്‍സ്, എട്ടു ടെസ്റ്റില്‍ നിന്ന് 612 റണ്‍സ്, 10 ട്വന്റി 20-യില്‍ നിന്ന് 466 റണ്‍സ് എന്നിങ്ങനെയാണ് കോലിയുടെ റണ്‍വേട്ട.

28 ഏകദിനങ്ങളില്‍ നിന്ന് 1490 റണ്‍സ്, അഞ്ചു ടെസ്റ്റില്‍ നിന്ന് 556 റണ്‍സ്, 14 ട്വന്റി 20-യില്‍ നിന്ന് 396 റണ്‍സ് എന്നിങ്ങനെയാണ് രോഹിത്തിന്റെ റണ്‍നേട്ടം.

ഈ വര്‍ഷം ഏഴു സെഞ്ചുറികള്‍ കോലി സ്വന്തമാക്കിയപ്പോള്‍ രോഹിത്ത് 10 എണ്ണം സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പില്‍ മാത്രം രോഹിത്ത് അഞ്ചു സെഞ്ചുറികള്‍ കുറിച്ചിട്ടുണ്ട്.

2082 റണ്‍സോടെ പാക് താരം ബാബര്‍ അസം ആണ് റണ്‍വേട്ടയില്‍ കോലിക്കും രോഹിത്തിനും പിന്നില്‍.

അതേസമയം 42 വിക്കറ്റുകളുമായി ഈ വര്‍ഷത്തെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് ഒന്നാമത്. ന്യൂസിലന്‍ഡ് താരങ്ങളായ ട്രെന്റ് ബോള്‍ട്ട് (38), ലോക്കി ഫെര്‍ഗൂസന്‍ (35) എന്നിവരാണ് ഷമിക്ക് പിന്നില്‍. 33 വിക്കറ്റുകളുമായി ഭുവനേശ്വര്‍ കുമാര്‍ അഞ്ചാമതുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുകC

LEAVE A REPLY

Please enter your comment!
Please enter your name here