തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം ആളിപ്പടരുമ്പോള്‍ സംസ്ഥാനത്ത് തടങ്കല്‍ പാളയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ ഹിന്ദുവാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. അനധികൃതമായി കേരളത്തില്‍ തങ്ങുന്ന വിദേശികളെയും കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലില്‍ കഴിയുന്ന വിദേശികളെയും പാര്‍പ്പിക്കാനായാണ് തടങ്കല്‍ പാളയം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. ഇതിന് മുന്നോടിയായി ജയിലുകളില്‍ കഴിയുന്ന വിദേശികളുടെ റിപ്പോര്‍ട്ട് സമൂഹിക നീതി വകുപ്പ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു.
തടവിലാക്കാന്‍ മതിയായ വിദേശികള്‍ ഉണ്ടെങ്കില്‍ തടങ്കല്‍പാളയം നിര്‍മിക്കും. ഇതിനായാണ് വിദേശികളുടെ എണ്ണം തേടിയത്. വാടകക്ക് താല്‍ക്കാലിക കെട്ടിടം ഒരുക്കാനും ആലോചനയുണ്ട്. എന്നാല്‍ ഇതുവരെ കെട്ടിടം ലഭിച്ചിട്ടില്ല. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് ജയിലുകളില്‍ കഴിയുന്ന വിദേശികളുടെ എണ്ണം സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയോട് ജൂണ്‍ മുതല്‍ ആവശ്യപ്പെട്ടിട്ടും മറുപടി ലഭിച്ചിട്ടില്ല. നവംബര്‍ 26നാണ് ഇത് സംബന്ധിച്ച് അവസാനം കത്ത് നല്‍കിയത്.
അനധികൃതമായി താമസിക്കുന്ന വിദേശികളെ പാര്‍പ്പിക്കാനായി തടങ്കല്‍പാളയങ്ങള്‍ നിര്‍മിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നും സൂചനയുണ്ട്. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ ജയിലിന് പുറത്ത് സൗകര്യം ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു,.
അസമിലും കര്‍ണാടകയിലും തടങ്കല്‍പാളയങ്ങള്‍ നിര്‍മിക്കുന്നതില്‍ രാജ്യവ്യാപക പ്രതിഷേധമുയരുമ്പോഴാണ് കേരളത്തിലും തടങ്കല്‍പാളയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. തടങ്കല്‍പാളയങ്ങള്‍ക്കെതിരെ സിപിഎം പരസ്യമായി രംഗത്തുവന്ന സാഹചര്യത്തിലാണ് അവര്‍ ഭരിക്കുന്ന സംസ്ഥാനത്തും തടങ്കല്‍പാളയം ഒരുക്കാന്‍ പദ്ധതിയിടുന്നത്. പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കേന്ദ്ര സര്‍ക്കാറിനോട് പരസ്യമായി ഇടഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.