അല്ലാഹു അക്ബര്‍ എന്ന് വിളിപ്പിക്കാനല്ല സമരം, ജമാഅത്തെ ഇസ്ലാമിക്കെതിരെ വിമര്‍ശനവുമായി നജീബ് കാന്തപുരം

0
184

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമഭേദഗതിക്ക് എതിരെയുള്ള സമരം മതേതര കൂട്ടായ്മയെ ദുര്‍ബലപ്പെടുത്തുന്നത് ആയിരിക്കരുതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ കൊണ്ട് അല്ലാഹു അക്ബര്‍ എന്ന് വിളിപ്പിക്കുന്നതിലല്ല വിജയം, പകരം അല്ലാഹു അക്ബര്‍ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യവും കൂടി ഈ രാജ്യത്ത് നിലനിര്‍ത്താനുള്ള പോരാട്ടം ജയിക്കുന്നതിലാണെന്ന് നജീബ് ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു.

‘എത്ര പ്രതികൂലമായ സാഹചര്യങ്ങളെ തരണം ചെയ്യേണ്ടി വന്നാലും ഈ സമരം മതേതര മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിക്കരുത്. മനുഷ്യരുടെ കൂട്ടായ്മയെ ദുര്‍ബലപ്പെടുത്തരുത്. ഇടുങ്ങിയ രാഷ്ട്രീയ താല്‍പര്യങ്ങളുടെ കള്ളികളില്‍ തളച്ചിടരുത്. ഒറ്റക്കും കൂട്ടായും നമുക്ക് സമരം ചെയ്യാം. കാരണം സമരങ്ങളുടെ നൈരന്തര്യം തന്നെയാണ് നമുക്കാവശ്യം. എന്നാല്‍, ഒരുമിച്ച് സമരം ചെയ്യുമ്പോള്‍ കൂടെയുള്ളവര്‍ക്ക് കൂടി സ്വീകാര്യമാവണം നമ്മുടെ നിലപാട്. ഈ പ്രക്ഷോഭത്തിന്‍റെ ലക്ഷ്യമാണ് പ്രധാനം. അത് മറന്ന് കൊണ്ടുള്ള ഒരു വൈകാരികതയോടും യോജിപ്പില്ല’- നജീബ് കുറിക്കുന്നു.

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം നമ്മുടെ ഭരണഘടന സംരക്ഷിക്കാനുള്ളതാണ്. ആര്‍.എസ്.എസിന്‍റെ പരമപ്രധാനമായ അജണ്ട ഇന്ത്യയുടെ ഭരണഘടനയില്‍ നിന്ന് മതേതരത്വം എന്ന ആശയത്തെ പിഴുതെറിയുക എന്നതാണ്. അതിലേക്കുള്ള ഒരു ചുവട് വെപ്പ് മാത്രമാണ് പുതിയ പൗരത്വ നിയമം. അതുകൊണ്ട് തന്നെ ഇത് മുസ്ലിങ്ങള്‍ക്കെതിരെ മാത്രമുള്ള നിയമനിര്‍മാണമല്ല. ആര്‍.എസ്.എസിന്‍റെ ഹിന്ദുത്വമെന്ന ആശയത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത എല്ലാ മനുഷ്യര്‍ക്കുമെതിരെയുള്ള യുദ്ധപ്രഖ്യാപനമാണിത്. അത്തരമൊരു പ്രക്ഷോഭത്തില്‍ പങ്കു ചേരുന്നവരില്‍ എല്ലാ മതക്കാരുമുണ്ട്, മതമില്ലാത്തവരുമുണ്ട്. കൂട്ടായ്മയോടെ നടക്കുന്ന ഇത്തരം പ്രക്ഷോഭങ്ങളെ ഏതെങ്കിലുമൊരു കള്ളിയിലേക്ക് വലിച്ചടുപ്പിക്കാന്‍ ആരു വാദിച്ചാലും അത് അംഗീകരിക്കാനാവില്ലെന്നും നജീബ് വ്യക്തമാക്കുന്നു.

പൗരത്വ നിയമഭേദഗതിക്ക് എതിരെയുള്ള സമരങ്ങള്‍ക്കിടയില്‍ ജമാഅത്തെ ഇസ്ലാമി മതചിഹ്നങ്ങളും മുദ്രാവാക്യങ്ങളും വ്യാപകമായി ഉപയോഗിക്കുന്നതായി നേരത്തെ സമരരംഗത്തുള്ളവര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. വ്യത്യസ്ത മത വിഭാഗത്തിലുള്ളവരും മതമില്ലാത്തവരുമെല്ലാം പങ്കെടുക്കുന്ന ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന സമരത്തില്‍ ഈ രീതിയില്‍ ഇസ്ലാമിക ചിഹ്നങ്ങള്‍ ഉപയോഗിക്കേണ്ടത് ഉണ്ടോയെന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

എന്നാല്‍, പൗരത്വ നിയമഭേദഗതി മുസ്ലിങ്ങൾക്ക് എതിരെയാണെന്നും അതിനാല്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇതിനെ നേരിടേണ്ടതുമെന്നാണ് എസ്.ഐ.ഒ സോളിഡാരിറ്റി തുടങ്ങിയ സംഘടനകളുടെ വാദം. എന്നാല്‍, ജമാഅത്തെ ഇസ്ലാമി നിലപാടിനെ തള്ളിപ്പറഞ്ഞാണ് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം രംഗത്ത് എത്തിയിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here