17 പേരുടെ ജീവനെടുത്ത് ജാതിമതില്‍: കോയമ്പത്തൂരില്‍ 3000 ദലിതര്‍ ഇസ്‍ലാം മതം സ്വീകരിക്കും

0
213

കോയമ്പത്തൂര്‍: (www.mediavisionnews.in) ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് കോയമ്പത്തൂരിലെ 3000 ദലിതര്‍ ഇസ്‍ലാം മതത്തിലേക്ക്. കോയമ്പത്തൂരിലെ നാടുര്‍ നിവാസികളും തമിഴ് പുലിഗല്‍ കച്ചി പ്രവര്‍ത്തകരുമാണ് ഇസ്‍ലാം മതം സ്വീകരിക്കാനൊരുങ്ങുന്നത്. ജനുവരി അഞ്ചിനാണ് ഇവര്‍ ഔദ്യോഗികമായി മതംമാറുക. തമിഴ് പുലിഗല്‍ കച്ചി മേട്ടുപ്പാളയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

നാടുരില്‍ ജാതിമതില്‍ 17 ദലിതരുടെ ജീവനെടുത്തിട്ടും, മതില്‍ സ്ഥാപിച്ച ശിവസുബ്രഹ്മണ്യനെതിരെ എസ്.സി, എസ്.ടി വകുപ്പുകള്‍ ചുമത്തി കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മതംമാറ്റം. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാട് സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പുലിഗല്‍ കച്ചി ജനറല്‍ സെക്രട്ടറി ഇളവേനില്‍ പറഞ്ഞു. മാത്രമല്ല ദുരന്തത്തിന് കാരണക്കാരനായ ശിവസുബ്രഹ്മണ്യന് അറസ്റ്റിലായി 20 ദിവസത്തിനുള്ളില്‍ ജാമ്യം ലഭിച്ചു. എന്നാല്‍ ഈ സംഭവത്തില്‍ നീതി തേടി ജനാധിപത്യപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായി. സമരം നയിച്ച തിരുവള്ളുവനെ കോയമ്പത്തൂര്‍ ജയിലിലടച്ചു. തിരുവള്ളുവന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഹിന്ദു മതത്തിലെ ജാതിവിവേചനത്തിന്‍റെ സൂചനയാണ് ഇതെന്ന് ഇളവേനില്‍ വിമര്‍ശിച്ചു.

ആദ്യ ഘട്ടമെന്ന നിലയില്‍ ജനുവരി അഞ്ചിന് മേട്ടുപ്പാളയത്ത് 100 പേരാണ് ഇസ്‍ലാം മതം സ്വീകരിക്കുക. ഘട്ടംഘട്ടമായി മാറ്റുള്ളവരും മതംമാറുമെന്ന് ഇളവേനില്‍ അറിയിച്ചു.

ഡിസംബര്‍ 2നാണ് മേട്ടുപ്പാളയത്ത് കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് 17 പേര്‍ മരിച്ചത്. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളും 11 പേര്‍ സ്ത്രീകളുമാണ്. സമീപത്തെ ദലിതരെ അകറ്റി നിര്‍ത്താന്‍ വേണ്ടിയാണ് ശിവസുബ്രഹ്മണ്യന്‍ കൂറ്റന്‍ മതില്‍ സ്ഥാപിച്ചത്. പ്രത്യക്ഷത്തില്‍ തന്നെ ജാതിവിവേചനമുണ്ടായിട്ടും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന വകുപ്പുകള്‍ ചുമത്തിയില്ലെന്നാണ് പരാതി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here