പൗരത്വ ഭേദഗതി ബില്‍: അസമില്‍ 12 മണിക്കൂര്‍ ബന്ദ്, വ്യാപക അക്രമം

0
225

ഗുവാഹതി: (www.mediavisionnews.in) പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. സംസ്ഥാനത്തുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൗരത്വ ഭേദഗതി ബില്ല് ഇന്നലെ അര്‍ധ രാത്രിയോടെ ലോക്സഭ പാസാക്കിയതിന് പിന്നാലെ അസമില്‍ അക്രമങ്ങള്‍ വ്യാപകമായിരുന്നു.

പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംസ്ഥാനത്ത് ബന്ദ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അസം ഗണപരിഷത്ത് നേതാക്കളുടെയുമൊക്കെ നേരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉണ്ടാവുന്നത്. ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ പോലുള്ള സംഘടനകളാണ് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ പ്രധാനമന്ത്രിയുടെ ഉള്‍പ്പടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. അസമിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വലിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ പ്രതിഷേധക്കാര്‍ റയില്‍ ഗതാഗതവും തടസ്സപ്പെടുത്തി. ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും മണിപ്പൂരില്‍ നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സുരക്ഷ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനുള്ള അനുമതി നല്‍കുന്നതാണ് പൗരത്വ ഭേദഗതി ബില്‍.

ഈ ആളുകളുടെ പ്രവേശനം തങ്ങളുടെ സ്വത്വത്തിനും ഉപജീവനത്തിനും അപകടമുണ്ടാക്കുമെന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തദ്ദേശവാസികളുടെ ആശങ്കയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here