മുംബൈ: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഇത്രയും ശക്തമായ പ്രതിഷേധം ഉയരുമെന്നു മോദി സര്‍ക്കാരും പാര്‍ട്ടിയും കരുതിയിരുന്നില്ലെന്നു ബിജെപി നേതൃത്വം തന്നെ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട്. ഇതുകൊണ്ടുണ്ടായ നഷ്ടം പരിഹരിക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാരെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നതായി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിനായി സഖ്യകക്ഷികളോടും മറ്റും സഹായം തേടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസ്ലിംകളില്‍നിന്നു പ്രതിഷേധം ഉയരുമെന്നാണു കരുതിയത്. എന്നാല്‍ രണ്ടാഴ്ചയോളം പ്രധാനനഗരങ്ങളില്‍ ഇത്ര ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാന്‍ റോയ്‌ട്ടേഴ്‌സിനോടു പറഞ്ഞു. താന്‍ മാത്രമല്ല മറ്റു ബിജെപി നേതാക്കളും വിഷയം ഇത്രത്തോളം വഷളാകുമെന്നു കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവരുടെ പിന്തുണ ആര്‍ജിക്കാനുള്ള ശ്രമത്തിലാണു പാര്‍ട്ടിയെന്നു മൂന്നു ബിജെപി എംപിമാരും രണ്ടു കേന്ദ്രമന്ത്രിമാരും വ്യക്തമാക്കി. ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും എതിര്‍പ്പ് ഇല്ലാതാക്കാനാണു ശ്രമിക്കുന്നത്. ബില്‍ പാസാക്കുന്ന വേളയില്‍ കൃത്യമായ രാഷ്ട്രീയ സമവാക്യം പാര്‍ട്ടി കണക്കിലെടുത്തിരുന്നില്ലെന്നും കേന്ദ്രമന്ത്രി പറയുന്നു.
നിയമത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാന്‍ ഗ്രാമപ്രദേശങ്ങളില്‍ വരെ പ്രചാരണം നടത്താനുള്ള ഒരുക്കത്തിലാണ് ആര്‍എസ്എസ്. നിക്ഷിപ്ത താല്‍പര്യത്തോടെ രാജ്യാന്തര തലത്തില്‍ തന്നെ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിച്ചിരിക്കുന്നതെന്ന് ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.