പൗരത്വപ്രക്ഷോഭം: ഉത്തര്‍പ്രദേശില്‍ യൂത്ത്‌ലീഗ് നേതാവ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

0
214

ലഖ്‌നൗ: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച യൂത്ത്‌ലീഗ് നേതാവ് ഉത്തര്‍പ്രദേശില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ നിയോജക മണ്ഡലം യൂത്ത്‌ലീഗ് സെക്രട്ടറിയായ അഫ്താബ് ആലം ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നടന്ന പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് ആസൂത്രിതമായി നടത്തിയ വെടിവെപ്പിലാണ് അഫ്താബ് കൊല്ലപ്പെട്ടത്.

പ്രദേശത്ത് ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ വിച്ഛേദിച്ചതിനാല്‍ വിവരം പുറത്തറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച യൂത്ത്‌ലീഗ്-എം.എസ്.എഫ് വസ്തുതാന്വേഷണ സംഘമാണ് മരണവാര്‍ത്ത പുറത്തെത്തിച്ചത്. എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലിയുടെ നേതൃത്വത്തിലുള്ള സംഘം അഫ്താബിന്റെ വീട് സന്ദര്‍ശിച്ചു. യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഫൈസല്‍ ബാബു, സജ്ജാദ് അക്തര്‍ (ബീഹാര്‍), എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദ്ദീന്‍ നദ്‌വി, മതീന്‍ഖാന്‍, അതീഖ് കാണ്‍പൂര്‍, ശാരിഖ് അന്‍സാരി, ഖുമൈല്‍ , ഇര്‍ഫാന്‍ തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിലുള്ളത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് യോഗി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് നടന്നുപോയാണ് പ്രിയങ്ക പരിക്കേറ്റവരെ സന്ദര്‍ശിച്ചത്. പൗരത്വ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ മറവില്‍ ഗുജറാത്ത് മോഡല്‍ വംശഹത്യയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപണമുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here