ഹൈദരാബാദ് (www.mediavisionnews.in) : പ്രതികാരത്തിനായി കോഹ്ലി കാത്തിരുന്നത് രണ്ട് വര്‍ഷമാണ്. അന്ന് ജമൈക്കയില്‍ തന്നെ പുറത്താക്കിയ ശേഷം വിന്‍ഡീസ് ബോളര്‍ കെസറിക് വില്യംസ് പുറത്തെടുത്ത ‘നോട്ട്ബുക്ക് ആഘോഷത്തിന്’ അതേ നാണയത്തിലാണ് കോഹ്ലി കാത്തിരുന്ന് പ്രതികാരം വീട്ടയത്.
വില്യംസിനെ സിക്‌സറിനു പറത്തിയശേഷമാണ് കോഹ്ലി ‘നോട്ടുബുക് ആഘോഷം’ പുറത്തെടുത്തെടുത്തത്. മത്സരത്തിനിടെ കോഹ്ലിയും വില്യംസും തമ്മില്‍ ചെറുതായി ഉരസിയിരുന്നു. റണ്ണെടുക്കാനുള്ള ഓട്ടത്തിനിടെ കോഹ്ലിയെ വില്യംസ് തടയാന്‍ ശ്രമിച്ചതായിരുന്നു കാരണം. തുടര്‍ന്ന് അമ്പയറോട് പരാതിയുമായി കോഹ്ലി എത്തിയെങ്കിലും താരത്തെ അമ്പയര്‍ ആശ്വസിപ്പിച്ച് മടക്കി അയച്ചു. ഇതോടെയാണ് വില്യംസിനെ തിരഞ്ഞ് പിടിച്ച് ആക്രമിച്ച കോഹ്ലി ഒടുവില്‍ സിക്‌സ് പായിച്ച ശേഷം നോട്ട്ബുക് ആഘോഷവും നടത്തിയത്.
ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ വില്യംസ് എറിഞ്ഞ 16-ാം ഓവറിലായിരുന്നു സംഭവം. മൂന്നാം പന്ത് സിക്‌സിനു പറത്തിയ കോഹ്ലി, തൊട്ടുപിന്നാലെ സാങ്കല്‍പിക നോട്ടുബുക്കില്‍ കുറിപ്പെഴുതുന്നതു പോലുള്ള ആഘോഷം അനുകരിച്ചു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചാഡ്വിക് വാള്‍ട്ടന്‍ എന്ന താരത്തെ പുറത്താക്കിയശേഷം വില്യംസ് നടത്തിയ കുറിപ്പെഴുതുന്നതു പോലെയുള്ള ആഹ്ലാദപ്രകടനമായിരുന്നു കോഹ്ലിയുടേത് എന്നായിരുന്നു ക്രിക്കറ്റ് ലോകം കരുതിയത്.
എന്നാല്‍, കാര്യമെന്താണെന്ന് മത്സരശേഷം കോഹ്ലി വിശദീകരിച്ചപ്പോഴാണ് എല്ലാവര്‍ക്കും വ്യക്തമായത്. മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം സഞ്ജയ് മഞ്‌ജരേക്കറോടാണ് നോട്ട്ബുക്ക് ആഘോഷത്തിന് പിന്നിലെ രഹസ്യം കോഹ്ലി വെളിപ്പെടുത്തിയത്.
‘അത് കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ബാക്കിയൊന്നുമല്ല. ജമൈക്കയില്‍ വെച്ച് എന്നെ പുറത്താക്കിയ ശേഷം സമാനമായ രീതിയില്‍ വില്യംസ് വിക്കറ്റ് നേട്ടം ആഘോഷിച്ചിരുന്നു. അതുകൊണ്ട് നോട്ട്ബുക്കില്‍ ചിലത് കുറിച്ചേക്കാമെന്ന് ഞാനും കരുതി. അത്രേയുള്ളൂ’ കോഹ്ലി പറഞ്ഞു.
‘മത്സരത്തിനിടെ ചില ഉരസലുകള്‍ എല്ലാം ഉണ്ടായെന്നുള്ളത് വാസ്തവമാണ്. പക്ഷേ മത്സരം തീരുമ്പോള്‍ പുഞ്ചിരി മാത്രം ബാക്കിയാകും. അതാണല്ലോ നമുക്കു വേണ്ടതും. കളത്തില്‍ മാത്സര്യബുദ്ധിയോടെ പെരുമാറിയാലും മത്സരശേഷം കൈകൊടുത്തു പിരിയും. ഇതെല്ലാം ചേര്‍ന്നതാണ് ക്രിക്കറ്റ്. ആവേശത്തോടെ കളിക്കുക, എതിരാളിയെ ബഹുമാനിക്കുക’ കോഹ്ലി കൂട്ടിചേര്‍ത്തു.
വിന്‍ഡീസിനെതിരായ മത്സരത്തില്‍ ട്വന്റി20യിലെ 23ാം അര്‍ദ്ധ സെഞ്ച്വറി കുറിച്ച കോഹ്ലി, രാജ്യാന്തര കരിയറിലെ ഉയര്‍ന്ന സ്‌കോറും (94*) നേടിയിരുന്നു. ആറു വീതം സിക്‌സും ഫോറും സഹിതമായിരുന്നു കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനം. പുറത്താകാതെ നിന്ന കോഹ്ലി ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ ഉജ്ജ്വല വിജയവും സമ്മാനിച്ചു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക