ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗ് സംവിധാനം ജനുവരി 15 മുതല്‍; അതിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കേന്ദ്രം

0
176

തൃശ്ശൂര്‍: (www.mediavisionnews.in) രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഫാസ് ടാഗ് ഏര്‍പ്പെടുത്താനുള്ള കാലാവധി 30 ദിവസത്തേക്ക് കൂടി നീട്ടിയതായി ദേശീയപാത അതോറിറ്റി അറിയിച്ചു. ജനുവരി 15നായിരിക്കും ഫാസ് ടാഗ് ട്രാക്കുകള്‍ നിലവില്‍ വരിക. 75 ശതമാനം വാഹനങ്ങളും ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറാത്ത പശ്ചാത്തലത്തിലാണ് തീരുമാനം.

ഡിസംബര്‍ ഒന്ന് മുതല്‍ ടോള്‍ പ്ലാസകളെല്ലാം ഫാസ് ടാഗ് ട്രാക്കുകളാകുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. പിന്നീടത് ഡിസംബര്‍ 15ലേക്ക് നീട്ടി ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്. പൗരൻമാരുടെ അസൗകര്യം കണക്കിലെടുത്താണ് തീയതി നീട്ടിയതെന്നും അറിയിപ്പില്‍ പറയുന്നു.

നിശ്ചിത വ്യവസ്ഥകളോടെയാണ് ഫാസ് ടാഗ് ഏര്‍പ്പെടുത്തുന്നതിനുള്ള കാലാവധി നീട്ടിയിരിക്കുന്നത്. 25 ശതമാനത്തിന് പണം കൊടുത്തും 75 ശതമാനത്തിന് ഫാസ് ടാഗ് കൊടുത്തുമായിരിക്കും ട്രാക്കുകളിലൂടെ കടത്തിവിടുക.

എന്താണ് ഫാസ്‍ടാഗ്?

ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്‍ടാഗ്. ഇതുപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാം. അതിനാല്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള തിരക്കും നീണ്ട നിരയും ട്രാഫിക്ക് ബ്ലോക്കും ഒഴിവാക്കാന്‍ സാധിക്കും. സമയവും ലാഭിക്കാം.

ഫാസ്‍ടാഗ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

ഒരു പ്രീപെയ്‍ഡ് അക്കൗണ്ട് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം (RFID) വഴി ബന്ധിപ്പിച്ചാണ് ഫാസ് ടാഗിന്‍റെ പ്രവര്‍ത്തനം. ഇത് വാഹനത്തിന്‍റെ വിന്‍ഡ് സ്‌ക്രീനില്‍ ഘടിപ്പിക്കും. ഈ അക്കൗണ്ടില്‍ ആവശ്യത്തിനുള്ള തുക നേരത്തെ റീചാര്‍ജ് ചെയ്‍ത് വക്കണം. 100 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫാസ്‍ടാഗില്‍ റീചാര്‍ജ് ചെയ്യാം. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെഫ്റ്റ്,ആര്‍ടിജിഎസ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ റീചാര്‍ജ്ജിംഗ് നടത്താം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here