ജീവനക്കാരില്ല; കുമ്പള പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

0
210

കുമ്പള: (www.mediavisionnews.in) ജീവനക്കാരില്ലാത്തതിനാല്‍ കാസര്‍ഗോഡ് കുമ്പള പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നു. സെക്രട്ടറിയടക്കമുള്ളവരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഉദ്യോഗസ്ഥരുടെ അഭാവം പഞ്ചായത്തിലെത്തുന്ന സാധാരണക്കാരെയും ദുരിതത്തിലാക്കുകയാണ്.

ഏതെങ്കിലുമൊരു ആവശ്യത്തിന് കുമ്പള പഞ്ചായത്ത് ഓഫീസിലെത്തിയാല്‍ ഒഴിഞ്ഞ കസേരകളായിരിക്കും ജനങ്ങളെ സ്വീകരിക്കുക. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം കൊണ്ടോ ദീര്‍ഘ അവധി കൊണ്ടോ പഞ്ചായത്ത് ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും അവതാളത്തിലാണ്. നിലവിലുള്ള ഭരണസമിതി വന്ന ശേഷം എട്ടാമത്തെ സെക്രട്ടറിയാണിപ്പോള്‍. ഉടന്‍ വിരമിക്കുന്ന ഇദ്ദേഹം അവധിയിലുമാണ്. ഒരു വര്‍ഷം മുന്‍പ് വന്ന അസിസ്റ്റന്റ് സെക്രട്ടറിക്കും സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചു കഴിഞ്ഞു. അഞ്ച് ക്ലര്‍ക്കുമാര്‍ വേണ്ടിടത്ത് മൂന്ന് പേരുണ്ടെങ്കിലും അതില്‍ രണ്ട് പേരും ജൂനിയര്‍ സൂപ്രണ്ടും അവധിയിലാണ്. എഞ്ചിനീയര്‍മാരും ഇല്ലാതായതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അടക്കം അവതാളത്തിലായി.

പഞ്ചായത്തില്‍ നിന്നും ഒരു സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചാല്‍ ആഴ്ചകളോളം ഓഫീസ് കയറിയിറങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍. പൊതു ജനങ്ങളുടെ പരാതി ഏറിയതോടെ ഉദ്യോഗസ്ഥ ക്ഷാമമുണ്ടെന്ന അറിയിപ്പ് ഭരണസമിതി നോട്ടീസ് ബോര്‍ഡില്‍ പതിച്ചു കഴിഞ്ഞു. ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഇതിനകം പഞ്ചായത്തംഗങ്ങള്‍ സൂചനാ സമരവും നടത്തിയിട്ടുണ്ട്. അനുകൂല നടപടിയില്ലെങ്കില്‍ പഞ്ചായത്ത് അടച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യാനാണ് തീരുമാനം.

നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രമാക്കി കുമ്പള പഞ്ചായത്തിനെ അധികൃതര്‍ മാറ്റിയിരിക്കുകയാണെന്നും ഭരണ സമിതി ആരോപിക്കുന്നു. മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ അംഗീകാരം നേടിയ പഞ്ചായത്തിനാണ് ഇന്ന് ഉദ്യോഗസ്ഥ ക്ഷാമമെന്ന ഗതികേട് വന്നിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here