പനാജി: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുമ്പോള്‍ കേന്ദ്ര സര്‍ക്കറാനിതിരെ ബി.ജെ.പി മുഖ്യമന്ത്രിയും രംഗത്ത്. ദേശീയ പൗരത്വ പട്ടിക ഗോവയില്‍ നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ഗോവയിലെ ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പോര്‍ച്ചുഗീസ് പൗരത്വം ഉള്ളവരെ നിയമം പ്രതികൂലമായി ബാധിക്കുമെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗോവ മുഖ്യമന്ത്രി. പോര്‍ച്ചുഗീസ് പൗരത്വമുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിലേക്ക് മാറണമെങ്കില്‍ നിലവില്‍ സംവിധാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസറ്റ് നോട്ടിഫിക്കേഷന്‍ വായിച്ചതിന് ശേഷം എന്‍ആര്‍സിയെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
450വര്‍ഷം പോര്‍ച്ചുഗലിന്റെ കോളനിയായിരുന്ന ഗോവയില്‍ ഒരു വലിയ വിഭാഗത്തിന് പോര്‍ച്ചുഗല്‍ പൗരത്വമുണ്ട്. ദേശീയ പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും നടപ്പാക്കുമ്പോള്‍ ഇത് പ്രതികൂലമായി ബാധിക്കും എന്നാ ആശങ്ക ഗോവയില്‍ ശക്തമാണ്.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ക്ക് പറയാന്‍ പറ്റില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ഗോവ മുഖ്യമന്ത്രിയുടെ പ്രതികരണം. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിമാര്‍ക്കാവില്ലെന്നും സ്വന്തം സംസ്ഥാനങ്ങളിലെ നിയമജ്ഞരോട് ചോദിച്ചുനോക്കൂ, മുഖ്യമന്ത്രിമാര്‍ ഭരണഘടനയും സത്യപ്രതിജ്ഞയും പാലിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കേന്ദ്ര നിയമത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുകC