മംഗളൂരു: (www.mediavisionnews.in) മംഗളൂരുവിലേക്കുള്ള കേരള വാഹനങ്ങള്‍ക്ക് ഇന്നും അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണടാക പൊലീസ്. കര്‍ശന പരിശോധനയ്ക്കുശേഷം കാറും ഇരുചക്രവാഹനങ്ങളും കടത്തിവിടുന്നുണ്ട്. എന്നാല്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുളള വലിയ വാഹനങ്ങളെല്ലാം തലപ്പാടിയില്‍ തടയുന്നു. കേരളത്തില്‍നിന്നുള്ള ബസുകളും അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നു. എന്നാല്‍ കര്‍ണാടകയില്‍നിന്നുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ പൊലീസ് വെടിവയ്പ്പില്‍ മരിച്ചശേഷമാണ് മലയാളികള്‍ക്ക് മംഗളൂരുവില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നലെ മംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമസംഘത്തെയും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം മംഗളൂരുവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. കര്‍ഫ്യുവിനൊപ്പം ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലയില്‍ നിരോധനാജ്ഞയും ഇന്‍റര്‍നെറ്റ് വിലക്കും തുടരുന്നു.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. അതിരൂക്ഷ സംഘര്‍ഷം അരങ്ങേറിയ ഡല്‍ഹിയിലും യുപിയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. യുപിയില്‍ സംഘര്‍ഷങ്ങളില്‍ ഇതുവരെ 10പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുപേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ രാത്രി ഡല്‍ഹി ഗേറ്റില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത 42പേരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒന്‍പതുപേരെ വിട്ടയച്ചു. യുപിയിലെ 21 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം തടഞ്ഞു. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിഹാറില്‍ ആര്‍ജെഡി പ്രഖ്യാപിച്ച ബന്ദ് തുടങ്ങി. പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട് ഡല്‍ഹി ജുമാമസ്ജിദില്‍ അഭയംതേടിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പുലര്‍ച്ചെ വീണ്ടും കസ്റ്റഡിയിലെടുത്തു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക