കര്‍ണാടകയിലും അസമിലും തടങ്കല്‍ പാളയങ്ങള്‍ റെഡി, അടുത്ത മാസം തുറക്കും, ഒരു കേന്ദ്രത്തിന്റെ ചെലവ് 50 കോടി

0
234

ബംഗളൂരു: (www.mediavisionnews.in) കമ്പിവേലിയുളള ചുറ്റുമതില്‍, അടുക്കളയും കുളിമുറിയുമുളള 15 മുറികള്‍, രണ്ട് നിരീക്ഷണ ടവറുകള്‍. പുതിയ വീടിന്റെ സാങ്കേതികത്തികവിനെക്കുറിച്ചല്ല പറഞ്ഞു വരുന്നത്. രാജ്യത്ത് പൗരത്വപട്ടികയില്‍ നിന്നു പുറത്താകുന്നവരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍ പാളയത്തെക്കുറിച്ചാണ്. കര്‍ണാടകയിലെ ബംഗളൂരുവില്‍ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുണ്ടായിരുന്ന ഹോസ്റ്റല്‍ കെട്ടിടം ജയിലിന് സമാനമായി മാറ്റിക്കഴിഞ്ഞു. രാജ്യത്ത് തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുന്നില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രി നാവ് വായിലിടും മുമ്പ് തടങ്കല്‍ പാളയങ്ങളുടെ ചിത്രങ്ങളാണ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും. രാജ്യത്ത് 900 തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍. ഇതില്‍ ആദ്യ കേന്ദ്രം കര്‍ണാടകയിലാണ് തുറക്കുന്നത്. ബംഗളൂരുവില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെ സെണ്ടിക്കൊപ്പയിലാണ് ഈ കേന്ദ്രം തയാറാവുന്നത്.

രാജ്യത്തെ ആദ്യ തടങ്കല്‍ കേന്ദ്രം അടുത്ത മാസം തുറക്കും. അനധികൃത കുടിയേറ്റക്കാരെ തടവില്‍ പാര്‍പ്പിക്കാനുളള കേന്ദ്രങ്ങള്‍ ജനുവരിക്ക് മുമ്പ് ഒരുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് മന്ത്രാലയും ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാര്‍ വന്ന ശേഷം ഇതിന്റെ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. ആദ്യ കേന്ദ്രത്തില്‍ രേഖകളില്ലാതെ തങ്ങുന്ന ആഫ്രിക്കന്‍ വംശജര്‍ക്കും ബംഗ്ലാദേശ് പൗരന്‍മാര്‍ക്കുമുളള അഭയാര്‍ഥി കേന്ദ്രമാണിതെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നത്.

അസമിലെ ഗോല്‍പ്പാര ജില്ലയിലുള്ള ദോമുനിയിലെ പടുകൂറ്റന്‍ തടങ്കല്‍പ്പാളയത്തിന്റെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. പ്രധാന ഭാഗത്തെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. അന്തിമ മിനുക്കു പണികള്‍ മാത്രമാണ് ഇനി ഇവിടെ ശേഷിക്കുന്നത്. സ്റ്റീല്‍ ബീമുകള്‍ ഉപയോഗിച്ച് കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന പണി അതിവേഗത്തില്‍ പുരോഗമിക്കുന്നു. ഇതിനായി അടിത്തറ പണിത് ബീമുകള്‍ നാട്ടിക്കഴിഞ്ഞു. ഡിസംബറോടെ പണി പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്.
പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായവരുടെ അപ്പീലില്‍ ഫെബ്രുവരിയോടെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ വിധി പറഞ്ഞുതുടങ്ങും. അതിനു മുമ്പായി ക്യാംപ് പ്രവര്‍ത്തിച്ചു തുടങ്ങാനായിരുന്നു പദ്ധതി.
വിദേശിയായി പ്രഖ്യാപിക്കുന്നവരെ അന്നു മുതല്‍ ക്യാംപിലേക്ക് മാറ്റിത്തുടങ്ങാനും പദ്ധതിയിട്ടിരുന്നു. നിലവില്‍ ഡീ വോട്ടര്‍മാര്‍ക്കായി നിരവധി ക്യാംപുകള്‍ അസമിലുണ്ട്. എന്നാല്‍ അതു മതിയാകാത്ത സാഹചര്യത്തിലാണ് 3,000 തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയുന്ന വലിയ 10 ക്യാംപുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതില്‍ ആദ്യത്തേതാണ് ഗോല്‍പ്പാരയിലേത്.
46 കോടിയാണ് ക്യാംപിന്റെ പ്രാഥമിക ചെലവ് കണക്കാക്കിയിരിക്കുന്നതെങ്കിലും അതില്‍ കൂടുതല്‍ ചെലവാകുമെന്നാണ് സൂചന. ശിവ്‌സാഗര്‍, നൗഗാവ്, കരിംഗഞ്ച്, നല്‍വാരി, ലോക്കിംപുരി, ഹാഫ്‌ലോഗ്, ഗുവാഹത്തി, ബാര്‍പേട്ട, തേസ്പൂര്‍ എന്നിവിടങ്ങളിലായി കൂടുതല്‍ ക്യാംപുകള്‍ ഇനിയും വരും.

അടുത്ത മാസം തുറക്കുന്ന രീതിയിലാണ് കര്‍ണാടക സര്‍ക്കാര്‍ മിനുക്ക് പണികള്‍ നടത്തുന്നത്. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സാമൂഹ്യക്ഷേമ വകുപ്പ് നടത്തിയ ഹോസ്റ്റലായിരുന്ന ഇത് വിദേശ കുടിയേറ്റക്കാര്‍ക്കുള്ള തടങ്കല്‍ കേന്ദ്രമായി പ്രവര്‍ത്തനക്ഷമമാക്കുന്നത്. അഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് പൗരത്വം തെളിയിക്കാത്തവര്‍, ട്രൈബ്യൂണലുകള്‍ വഴി വിദേശികളായി പ്രഖ്യാപിച്ചവര്‍ ഉള്‍പ്പെടെയുള്ളവരെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കഴിയും.

ദേശീയ പൗരത്വ പട്ടിക കര്‍ണാടകം നടപ്പാക്കുമെന്ന് പല തവണ ആവര്‍ത്തിച്ച ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്, മതിയായ രേഖകളില്ലാത്ത ആഫ്രിക്കന്‍ വംശജരെയും ബംഗ്ലാദേശ് പൗരന്‍മാരെയും ഉദ്ദേശിച്ചുളളതാണ് മാതൃകാ തടങ്കല്‍ കേന്ദ്രം എന്ന് പറയുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം വരുന്നതിന് മുന്‍പ് തന്നെ അനധികൃത കുടിയേറ്റക്കാര്‍ക്കായി കേന്ദ്രം തുറക്കാന്‍ കര്‍ണാടക ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here