മംഗളൂരു: (www.mediavisionnews.in) കര്‍ണാടക പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ മകള്‍. തന്റെ മുന്നില്‍വെച്ചാണ് പിതാവിനെ പൊലീസുകാര്‍ വെടിവെച്ചു കൊന്നതെന്ന് ജലീലിന്റെ മകള്‍ ഇന്ത്യാ ടുഡേ ടി.വിയോടു പറഞ്ഞു.
മംഗളൂരുവില്‍ വ്യാഴാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് പൊലീസ് വെടിവെപ്പുണ്ടായത്. എന്നാല്‍ ജലീല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടില്ലെന്നാണ് മകള്‍ പറയുന്നത്.
പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് പാതിവഴിക്കു വെച്ച് സ്‌കൂള്‍വാഹനം നിര്‍ത്തിയെന്നും അവിടെനിന്ന് തങ്ങളെ ജലീല്‍ വീട്ടിലേക്കു കൊണ്ടുവരികയായിരുന്നെന്നും പതിനാലുകാരിയായ മകള്‍ പറയുന്നു. തങ്ങളെ വീട്ടില്‍ക്കൊണ്ടു വന്നു നിമിഷങ്ങള്‍ക്കകം തന്നെ പൊലീസ് വെടിയുതിര്‍ത്തെന്ന് മകള്‍ പറഞ്ഞു.
ജലീലിന്റെ കണ്ണിനാണ് വെടിയേറ്റത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ബുന്ദേര്‍ മേഖലയിലാണു സംഭവം. 42-കാരനായ ജലീല്‍ കൂലിപ്പണിക്കാരനാണ്. പതിനാലുകാരിയായ മകളും പത്തു വയസ്സുകാരനായ മകളും ഭാര്യയും അടങ്ങുന്നതാണ് ജലീലിന്റെ കുടുംബം.
7,000-9,000 പ്രതിഷേധക്കാരാണ് അന്നു തെരുവിലുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ നൂറില്‍ത്താഴെപ്പേര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നതെന്ന് ജലീലിന്റെ ഒരു ബന്ധു പറയുന്നു.
വെള്ളിയാഴ്ച നടന്ന വെടിവെപ്പില്‍ മംഗളൂരുവില്‍ കൊല്ലപ്പെട്ടത് രണ്ടുപേരാണ്. നൈഷിന്‍ കുദ്രോളി എന്നയാളാണ് ജലീലിനു പുറമേ കൊല്ലപ്പെട്ടത്. പ്രതിഷേധം ശക്തമായതോടെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.
രണ്ടുപേര്‍ കൊല്ലപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഏഴ് മണിക്കൂര്‍ തടവില്‍ വെച്ച ശേഷം കേരള സര്‍ക്കാരിന്റെ ഇടപെടലിന് പിന്നാലെ വിട്ടയക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു.
പ്രതിഷേധത്തില്‍ പങ്കുചേരാന്‍ മംഗളൂരുവിലേക്ക് യാത്ര തിരിച്ച സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ട്രെയിന്‍ മാര്‍ഗമാണ് ബിനോയ് വിശ്വവും സി.പി.ഐ നേതാക്കളും മംഗളൂരുവിലേക്ക് പോയത്. മംഗളൂരുവില്‍ എത്തിയ ശേഷമായിരുന്നു പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം അദ്ദേഹത്തെ വിട്ടയച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.