ന്യൂഡൽഹി (www.mediavisionnews.in) : രാജ്യമെങ്ങും നടക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളുടെ ചൂടറിഞ്ഞതോടെ മുഖം രക്ഷിക്കാനുള്ള നീക്കവുമായി ബി.ജെ.പി. ഔദ്യോഗിക ട്വിറ്റർ പേജിൽ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയെ പിന്തുണക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംവാദം എന്ന പേരിൽ വീഡിയോ പോസ്റ്റ് ചെയ്താണ് പ്രതിഷേധങ്ങൾ തണുപ്പിക്കാനുള്ള ശ്രമം ബി.ജെ.പി നടത്തുന്നത്. എന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷാ ദിവസങ്ങൾക്കു മുമ്പ് നടത്തിയ പ്രസ്താവനക്ക് കടകവിരുദ്ധമായ കാര്യങ്ങളാണ് പരസ്യത്തിലൂടെ ബി.ജെ.പി പറയുന്നത്.
‘എൻ.ആർ.സി നടപ്പിലാക്കുമ്പോൾ എല്ലാവർക്കും അവരുടെ ഡോക്യുമെന്റുകൾ കാണിക്കണം. വോട്ടർ ഐ.ഡി കാർഡ്, ആധാർ കാർഡ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ബർത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയവ എല്ലാവരും കാണിക്കേണ്ടിവരും.
എല്ലാവരുടെ കൈവശവും ഈ രേഖകൾ ഉണ്ടാകും.’ – എന്നാണ് ബി.ജെ.പി പ്രസിദ്ധീകരിച്ച വീഡിയോയിൽ പൗരത്വ ഭേദഗതി നിയമത്തെയും എൻ.ആർ.സിയെയും അനുകൂലിച്ച് സംസാരിക്കുന്ന പെൺകുട്ടി പറയുന്നത്. എന്നാൽ, ഡിസംബർ 17-ന് ഇംഗ്ലീഷ് ചാനലായ ഇ.ടി നൗവിൽ നവിക കുമാറുമായുള്ള അഭിമുഖത്തിൽ അമിത് ഷാ വ്യക്തമാക്കിയിരുന്നത് ആധാർ കാർഡും വോട്ടർ ഐ.ഡിയും അടക്കമുള്ളവ പൗരത്വ രേഖകൾ അല്ലെന്നാണ്.
അമിത് ഷായുടെ വാക്കുകളും ബി.ജെ.പിയുടെ പുതിയ വാദവും തമ്മിലുള്ള വൈരുധ്യത്തെ ആം ആദ്മി പാർട്ടി എം.പിയും ദേശീയ വക്താവുമായ സഞ്ജയ് സിംഗ് ചോദ്യം ചെയ്തു.
‘ബി.ജെ.പി തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണ്. ആധാർ പൗരത്വ രേഖയല്ലെന്ന് അമിത് ഷാ പറയുന്നു. ബി.ജെ.പി പറയുന്നത് പൗരത്വം തെളിയിക്കാൻ ആധാർ മതിയെന്നാണ്.’ – അമിത് ഷാ സംസാരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് സഞ്ജയ് സിംഗ് പറഞ്ഞു. മറ്റു നിരവധി ആളുകളും ഇക്കാര്യം ഉന്നയിക്കുന്നുണ്ട്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക