മൊഗ്രാൽ: (www.mediavisionnews.in) രാഷ്ട്രീയവും മതവും സംഘടനാ ചേരിതിരിവും മറന്ന് മൊഗ്രാലുകാർ പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധജ്വാല തീർത്തപ്പോൾ ഇശൽ ഗ്രാമത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംഗമത്തിനാണ് നാട് സാക്ഷിയായത്. ‘പൗരത്വം ജന്മാവകാശം’ എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധ റാലിയിൽ മൊഗ്രാലിലെ വിവിധ ജമാഅത്ത് ശാഖകളിൽ നിന്നായി പ്ലക്കാർഡ് ഏന്തിയ രണ്ടായിരത്തിൽ പരം പൗരന്മാരാണ് പങ്കാളികളായത്.
ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ ലംഘിച്ച് കൊണ്ട് കേന്ദ്ര സർക്കാർ നടത്തുന്ന പൗരത്വ വിവേചനം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് റാലിയിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങൾ വിളിച്ചോതുന്നുണ്ടായിരുന്നു.തികഞ്ഞ അച്ചടക്കത്തോടെ ചിട്ടയാർന്ന രീതിയിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കാതെ നടന്ന റാലി നിയമപാലകരുടെയടക്കം മുക്തകണ്ഠം പ്രശംസക്ക് പാത്രമായി.
മൊഗ്രാൽ കടപ്പുറം വലിയ ജമാഅത്ത് പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി പെർവാഡ് വരെ സഞ്ചരിച്ച് തിരിച്ച് മൊഗ്രാൽ ടൗണിലാണ് സമാപിച്ചത്. റാലിക്ക് മൊഗ്രാലിലെ വിവിധ ജമാഅത്ത് ഖതീബുമാർ, മൊഗ്രാൽ ജമാഅത്ത് ഭാരവാഹികൾ , വിവിധ മഹല്ല് ഭാരവാഹികൾ, സാമൂഹിക- സാംസ്‌കാരിക-രാഷ്ട്രീയ നായകർ, വിവിധ ക്ലബ് – സംഘടനാ നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.