ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യസഭയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പാസ്സാക്കിയെടുത്ത പൗരത്വഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.
അസം നിന്ന് കത്തുമ്പോള്‍ നീറോ ചക്രവര്‍ത്തിയെപ്പോലെ വീണവായിക്കുകയാണ് ആധുനിക നീറോമാര്‍ എന്നായിരുന്നു കട്ജുവിന്റെ പരിഹാസം. ഹനുമാന്‍ ലങ്ക മാത്രമായിരുന്നു തീയിട്ടിരുന്നതെങ്കില്‍ ഈ ആധുനിക ഹനുമാന്‍മാര്‍ ഇന്ത്യയെ മുഴുവന്‍ തീയിട്ട് ചാമ്പലാക്കുകയാണ് എന്നും കട്ജു ട്വിറ്ററില്‍ കുറിച്ചു.
”അസമും കശ്മീര്‍ പോലെ നിന്ന് കത്തുകയാണ്. രാജ്യം കത്തുന്ന സമയത്ത് ഈ ആധുനിക നീറോമാര്‍ വീണവായിക്കുകയാണ്. ഹനുമാന്‍ ലങ്ക മാത്രമായിരുന്നു തീയിട്ടത്. എന്നാല്‍ ഈ ആധുനിക ഹനുമാന്‍ ഇന്ത്യയെ മുഴുവന്‍ തീയിട്ട് ചാമ്പലാക്കുകയാണ്’- മാര്‍ക്കണ്ഡേയ കട്ജു ട്വിറ്ററില്‍ കുറിച്ചു.
ആദ്യം കശ്മീര്‍, ഇപ്പോള്‍ അസം ഇനി അടുത്തതായി ഏത് സംസ്ഥാനത്താണ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വിലക്കാന്‍ പോകുന്നത് എന്നും കട്ജു ട്വിറ്ററില്‍ ചോദിച്ചു.
ഇന്ത്യയെ പിടിമുറുക്കിയ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയുള്ള ഒരു അടവ് മാത്രമാണ് പൗരത്വ ഭേദഗതി ബില്ലെന്നും കട്ജു പറഞ്ഞു. യോഗാദിനം, സ്വച്ഛ് അഭിയാന്‍, രാം മന്ദിര്‍, ഗോസംരക്ഷണം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ എന്നിവയുടെ തുടര്‍ച്ച. ഇതിനൊന്നും നമ്മുടെ ഭരണാധികാരികള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. നാസി ജര്‍മ്മനിയിലെ ജൂതന്മാരെപ്പോലെ ഇവിടെ മുസ്‌ലിങ്ങള്‍ ബലിയാടാവുകയാണ്- കട്ജു ട്വിറ്ററില്‍ കുറിച്ചു.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഉതകുന്ന പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ചയാണ് രാജ്യസഭയില്‍ പാസ്സാക്കിയത്. ബില്ലിനെ 105 പേര്‍ എതിര്‍ത്തപ്പോള്‍ 125 പേര്‍ അനുകൂലിക്കുകയായിരുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക