സിഐയുടെ കോളർ പിടിച്ച് തള്ളി ഹർത്താൽ അനുകൂലി; ബസ് തകർത്ത് മുഖംമൂടി സംഘം

0
196

തിരുവനന്തപുരം: (www.mediavisionnews.in) ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 233 പേരെ അറസ്റ്റ് ചെയ്തു. അക്രമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. എറണാകുളം റൂറലിൽ 55 പേരെ അറസ്റ്റു ചെയ്തു. മറ്റു ജില്ലകളിലെ അറസറ്റ് ഇങ്ങനെ: തൃശൂർ–51, ഇടുക്കി–35, പാലക്കാട്–21, കണ്ണൂർ–13, കോട്ടയം–12, വയനാട്–8. സംസ്ഥാനത്ത് ഹർത്താൽ അനുകൂലികൾ വ്യാപകമായി കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർത്തു. കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ ലോറി തടഞ്ഞു താക്കോൽ ഊരിയെടുത്ത് ഓടി. കാൽടെക്സിനു സമീപം പത്തു മണിയോടെയാണു സംഭവം. താക്കോൽ തിരികെ കിട്ടാത്തതിനാൽ ലോറി ദേശീയപാതയുടെ ഓരത്തേക്ക് തള്ളിനീക്കി നിർത്തിയിരിക്കുകയാണ്. ഡൽഹി ജാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സാങ്കേതിക സർവകലാശാല നടത്തുന്ന പരീക്ഷകൾ ബഹിഷ്കരിക്കാൻ സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാർഥികൾ തീരുമാനിച്ചു.

കാസർകോട് ടൗണിൽ മീൻലോറി തടഞ്ഞ ഹർത്താൽ അനുകൂലികളെ നീക്കുന്നതിനിടെ സിഐ അബ്ദുൽറഹീമിനെതിരെ കയ്യേറ്റം. സിഐയുടെ കോളറിനു ഹർത്താൽ അനുകൂലികൾ പിടിച്ചു. കൊല്ലത്ത് മുഖംമൂടി സംഘം കെഎസ്ആർടിസി ബസ് എറിഞ്ഞുതകർ‌ത്തു. കണ്ണൂർ നഗരത്തിൽ സമരാനുകൂലികൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുൻപിൽ ദേശീയപാത ഉപരോധിച്ചു. രാവിലെ എട്ടരയോടെ സ്ത്രീകൾ ഉൾപ്പെടെ 11 പേരാണു വാഹനങ്ങൾ തടഞ്ഞ് ഉപരോധിച്ചത്. പുരുഷൻമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും അറസ്റ്റിനു വഴങ്ങാതെ രണ്ടു സ്ത്രീകൾ റോഡിൽ കിടന്നു പ്രതിഷേധിച്ചു. ഇവരെ ഏറെ പണിപ്പെട്ടാണു നീക്കിയത്. തിരുവനന്തപുരത്ത് യാത്രക്കാർ തീരെ കുറവുള്ള റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ ഓടുന്നില്ല. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ. വാഹനങ്ങൾ തടയാനോ കടകൾ അടപ്പിക്കാനോ സമ്മതിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here