കോഴിക്കോട്: (www.mediavisionnews.in) ള്ളിവട ഇല്ലല്ലോ അല്ലേ… റെയില്‍വേ സ്റ്റേഷനു സമീപത്തെ ചായക്കടയില്‍ എത്തുന്ന പലരും കുറച്ച് ദിവസങ്ങളായി പലഹാര പെട്ടിയിലേക്കുപോലും നോക്കാതെ ചോദിക്കുന്ന ചോദ്യമാണിത്. ഉള്ളിയുടെ തീവില തന്നെ കാരണം. ഉള്ളിവില നൂറിലെത്തിയപ്പോള്‍ ഹോട്ടലുകളും തട്ടുകടക്കാരും ബേക്കറിക്കാരും പലഹാരമുണ്ടാക്കുന്നവരും എല്ലാം വെട്ടിലായി. പലതിലും പ്രധാന ചേരുവയായ ഉള്ളി നഷ്ടം സഹിച്ചാണ് ഉപയോഗിക്കുന്നതെന്ന് ഹോട്ടലുകാര്‍ പറയുന്നു. ചിലരാകട്ടെ ഉള്ളിക്കുപകരം കാബേജും കക്കിരിയുമൊക്കെ ഉപയോഗിച്ച് അഡ്ജസ്റ്റ് ചെയ്യുകയാണ്. ഉള്ളിയുടെ വില കൂടുന്നതനുസരിച്ച് ഭക്ഷണസാധനങ്ങള്‍ക്കും വിലകൂട്ടാനാവില്ലല്ലോ. ഇനിയും വില കാര്യമായി കുറഞ്ഞില്ലെങ്കില്‍ ഭക്ഷണത്തിലൊന്നും ഉള്ളികാണാനില്ലാത്ത അവസ്ഥവരും.
ഉള്ളിയില്ലാതെന്ത് ഉള്ളിവട
ഉള്ളിയുടെ വിലവര്‍ധനയോടെ പ്രതിസന്ധിയിലായത് ചായക്കടകളും തട്ടുകടകളും നടത്തുന്ന ചെറുകിടക്കാരാണ്. ഉള്ളിവടയും പൊക്കവടയും ഉള്‍പ്പെടെയുള്ളവയ്ക്ക് ഉള്ളിയില്ലാതെ എന്തുചെയ്യും. ‘സ്ഥിരം ചായ കുടിക്കാനെത്തുന്നവരുണ്ടെന്നതിനാല്‍ വിഭവങ്ങള്‍ ഉപേക്ഷിക്കാനാകില്ല. എട്ടുരൂപ വിലയുണ്ടായിരുന്ന ഉള്ളിവടയ്ക്ക് പത്തു രൂപയാക്കിയും എണ്ണം കുറച്ചുമാണ് നഷ്ടം ഒരു പരിധിവരെ മറികടക്കുന്നതെന്നാണ് കോഴിക്കോട് ടൗണ്‍ഹാളിന് സമീപം തട്ടുകട നടത്തുന്ന കോയക്കുട്ടി പറയുന്നത്. പൊക്കവടയില്‍ ഉള്ളിക്ക് പകരം കാബേജാണ് ഉപയോഗിക്കുന്നത്. സ്വാദ് കൂടിയതിനാല്‍ കഴിക്കുന്നവരും ഹാപ്പിയാണെന്നാണ് കോയക്കുട്ടിയുടെ അഭിപ്രായം. വില കൂട്ടിയപ്പോള്‍ ഉള്ളിവട ഉപേക്ഷിച്ചവരും വിലകൂട്ടാതെ നഷ്ടം സഹിക്കുന്നവരുമുണ്ട്.
തട്ടുകടകളിലെ പ്രധാന ആകര്‍ഷണമായ ഓംലറ്റില്‍ ഉള്ളിക്ക് പകരം കാബേജാണ് ഉപയോഗിക്കുന്നത്. കച്ചവടത്തെ ഉള്ളിയുടെ വിലവര്‍ധന കാര്യമായി ബാധിച്ചതായി ഇവര്‍ പറയുന്നു. ”ദിവസം തുച്ഛമായ വരുമാനംമാത്രം ലഭിക്കുന്ന തട്ടുകടക്കാര്‍ക്ക് ഈ വിലയില്‍ ഉള്ളികൊണ്ടുള്ള വിഭവങ്ങള്‍ ഉണ്ടാക്കാനാകില്ല. ഇതോടെ സ്ഥിരംവരുന്നവര്‍ പോലും വലിയ കടകളിലേക്ക് പോകുന്നുണ്ട്. നഷ്ടം സഹിച്ചും മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിയും”- പാളയത്ത് തട്ടുകട ജീവനക്കാരനായ സുരേഷ് പറയുന്നു.
സാലഡായി കക്കിരിയെത്തി
ഉള്ളി ഒഴിച്ചുകൂടാനാകാത്ത ചേരുവയായ ബിരിയാണിയെയും വിലവര്‍ധന ബാധിച്ചിട്ടുണ്ട്. ബിരിയാണി രുചിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഉള്ളിയെ ഒഴിവാക്കാനാകില്ല. എന്നാല്‍ ബിരിയാണിക്കൊപ്പം നല്‍കുന്ന സാലഡില്‍നിന്ന് സവാള പുറത്തായി. പകരം കക്കിരിയാണ് ഉപയോഗിക്കുന്നത്.
”രുചി കുറയുമെന്നതിനാല്‍ കറികളില്‍ ഉള്ളി ചേര്‍ക്കാതിരിക്കാനാകില്ല. വരുംദിവസങ്ങളില്‍ വിലകുറയുമെന്ന പ്രതീക്ഷയിലാണ് നഷ്ടം സഹിച്ചും മുന്നോട്ടുപോകുന്നത്” -റഹ്മത്ത് ഹോട്ടല്‍ ഉടമ സുഹൈല്‍ പറയുന്നു. മുട്ടറോസ്റ്റാണ് മറ്റൊരു ഉള്ളിവിഭവം. പലരും പൂര്‍ണമായും ഇത് ഉപേക്ഷിച്ചപ്പോള്‍ അളവ് കുറച്ചാണ് ചിലര്‍ വിലവര്‍ധനയെ പ്രതിരോധിച്ചത്. ”നേരത്തേ ദിവസം നൂറ് പ്ലേറ്റ് മുട്ടറോസ്റ്റ് ഉണ്ടാക്കിയിരുന്നു ഇപ്പോഴത് ഇരുപത്തഞ്ചായി കുറഞ്ഞു.
ഉപ്പുമാവ് ഉള്‍പ്പെടെയുള്ളവയില്‍ ഉള്ളിയുടെ ഉപയോഗം നന്നായി കുറച്ചിട്ടുമുണ്ട്. അല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ല” -രണ്ടാംഗേറ്റിന് സമീപത്തെ അശോക ഹോട്ടല്‍ ജീവനക്കാരനായ വാസു പറഞ്ഞു.
നാടന്‍ ഭക്ഷണ പദാര്‍ഥങ്ങളുണ്ടാക്കുന്ന ഹോട്ടലുകളെ ഉള്ളിവില വര്‍ധന സാരമായി ബാധിച്ചതായി ഷാപ്പ് റെസ്റ്റോറന്റ് ഉടമയും ഷെഫുമായ ജുബിഷ് പറയുന്നു.
സമൂസയില്‍ കാരറ്റും ഗ്രീന്‍പീസും
ബേക്കറി പലഹാരങ്ങളില്‍ ഉള്ളിയെ കൂടുതലായി ആശ്രയിക്കുന്ന സമൂസയില്‍ പകരക്കാരായി കാരറ്റും ഗ്രീന്‍പീസും ബീറ്റ്റൂട്ടും ഒക്കെ ഉപയോഗിച്ചാണ് പരിഹാരം കണ്ടത്. വലുപ്പമോ വിലയോ കൂട്ടാനാകാത്ത സാഹചര്യത്തില്‍ രുചിക്ക് വ്യത്യാസം വരില്ലെന്നാണ് കച്ചവടക്കാരുടെ അവകാശവാദം
”ചിക്കന്‍ റോള്‍, മുട്ട പപ്‌സ്, ഉള്‍പ്പെടെയുള്ളവയില്‍ മസാലയുടെ അളവ് കുറച്ചും മൈദയുടെ അളവ് കൂട്ടിയുമാണ് വിലക്കയറ്റത്തെ നേരിടുന്നത്.
ഉള്ളിക്ക് വിലകൂടിയതോടെ ചിക്കന്‍ റോളില്‍ ചിക്കന്റെ അളവ് കൂട്ടിയാലും നഷ്ടമാവില്ലെന്ന അവസ്ഥയാണുള്ളത്”. ബേക്കറികളില്‍ പലഹാരം ഉണ്ടാക്കി വിതരണംചെയ്യുന്ന ജിഷാദ് പറയുന്നു.
കട്ലറ്റില്‍ ഉള്ളിക്ക് പകരം ബീറ്റ്റൂട്ടാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വെജിറ്റബിള്‍ സമൂസ ഒഴിവാക്കി ചിക്കന്‍ സമൂസയിലേക്ക് കൂടുമാറിയും നെയ്യപ്പവും തരിയുണ്ടയും ഉള്‍പ്പെടെയുള്ള പലഹാരങ്ങളുണ്ടാക്കിയുമാണ് ഉള്ളിവിലയെ ചെറുക്കുന്നതെന്ന് ബേക്കറി ഉടമ റംഷാദ് പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക