കാസര്‍കോട്: (www.mediavisionnews.in) കേരളകര്‍ണ്ണാടക അതിര്‍ത്തിയിലെ വിട്‌ല കന്യാനയില്‍ കുന്നിടിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. വിട്‌ല അലങ്കാറിലെ ബലപ്പനായിക്(56), മാനിലയിലെ പ്രകാശ്(43), വിട്‌ല പദനൂര്‍ കാപ്പുമജലിലെ രമേശ്(50) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളി ഉള്ളാള്‍ കുത്താറിലെ പ്രഭാകറിനെ ദേര്‍ലക്കട്ട കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. കെട്ടിടനിര്‍മ്മാണത്തിനായി മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ കുന്നിടിച്ച് നിരപ്പാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണ് നീക്കം ചെയ്യുന്ന ജോലിയിലേര്‍പ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്. മണ്ണിടിക്കുന്നതിനിടെ കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു.വിവരമറിഞ്ഞെത്തിയ അഗ്‌നിശമനസേന നാട്ടുകാരുടെ സഹായത്തോടെ രണ്ട് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് മണ്ണിനടിയില്‍ പെട്ടവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഇവര്‍ മരണപ്പെട്ടിരുന്നു. ഇളകിയെ വലിയ കല്ല് തലയില്‍ വീണാണ് പ്രഭാകറിന് പരിക്കേറ്റത്. പ്രഭാകറിനെ നാട്ടുകാര്‍ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിട്‌ല പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ദേര്‍ലക്കട്ട കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക