ചെന്നൈ (www.mediavisionnews.in): ഹിജാബ് ധരിച്ച് പോണ്ടിച്ചേരി സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയ വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയെന്ന് ആരോപണം. എം.എ മാസ് കമ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവിനെയാണ് പുറത്താക്കിയത്. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് മലയാളി കൂടിയായ റബീഹയെ അറിയിക്കുകയായിരുന്നെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഹിജാബ് നീക്കം ചെയ്യാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയെ ബിരുദദാന ചടങ്ങ് നടക്കുന്ന ഹാളിന് പുറത്താക്കുകയായിരുന്നു. രാഷ്ട്രപതിയുടെ സുരക്ഷാ ഭടന്മാരാണ് വിദ്യാര്‍ത്ഥിനിയോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത് എന്നാണ് വിവരം.
189 പേരില്‍ തിരഞ്ഞെടുത്ത പത്ത് പേര്‍ക്ക് മാത്രം നേരിട്ട് ബഹുമതി സമ്മാനിച്ച ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് മടങ്ങിയ ശേഷമാണ് റബീഹയ്ക്ക് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചതെന്നാണ് റബീഹ പറയുന്നത്. തനിക്ക് നേരിട്ട മനോവിഷമത്തേക്കുറിച്ച് സര്‍വ്വകലാശാല അധികൃതരോട് വിശദമാക്കിയെന്ന് റബീഹ പറഞ്ഞു. പ്രതിഷേധ സൂചകമായി സ്വര്‍ണ മെഡല്‍ നിരസിച്ചെന്നും റബീഹ വ്യക്തമാക്കി.
പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാന ചടങ്ങ് മൂന്ന് വിദ്യാര്‍ത്ഥികളും ബഹിഷ്‌കരിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിലും, സര്‍വകലാശാലകളിലെ പൊലീസ് നടപടികളിലും പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.