പൗരത്വ നിയമ ഭേദഗതി സമരം യു.ഡി.എഫ് ശക്തമാക്കണം; ജനുവരി 11, 12 തിയ്യതികളില്‍ ദേശരക്ഷാ മര്‍ച്ച് നടത്തുമെന്നും മുസ്ലീം ലീഗ്

0
216

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകസമിതി യോഗം യു.ഡി.എഫിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയില്‍ ലീഗ് നേതൃത്വം ഇക്കാര്യം വ്യക്തമാക്കി. 31നു ചേരുന്ന യുഡിഎഫ് നേതൃയോഗം ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നു കരുതുന്നുവെന്നു ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദും പറഞ്ഞു.

രാജ്യത്തെയാകെ വിഭ്രാന്തിയിലാക്കിയ ഈ പ്രശ്‌നത്തില്‍ കേരളത്തില്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രതിപക്ഷം നടത്തിയ സംയുക്ത സമരവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിലൊന്നും കക്ഷി ചേരാന്‍ ലീഗ് ആഗ്രഹിക്കുന്നില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളവും രാജ്യമാകെ ത്തന്നെയും ഒന്നിച്ചുനില്‍ക്കേണ്ട വിഷയമാണ്. അതുകൊണ്ടു തന്നെ തലസ്ഥാനത്തു നടന്നത് ആ ഘട്ടത്തില്‍ ശരിയായ സമരമായിരുന്നു. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതയും വിദ്യാഭ്യാസ നിലവാരവുമുള്ള കേരളം അതിനു ചേരുന്ന മാതൃകയാണു കാണിച്ചുകൊടുത്തത്. യോജിച്ച സമരവും ഭിന്നിച്ച സമരവുമെല്ലാം ഇക്കാര്യത്തില്‍ ഉണ്ടാകും. ഒരു യോജിച്ച സമരം കഴിഞ്ഞു.

അതിനുശേഷം മുന്നണികള്‍ അവരുടെ സമരങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ സര്‍ക്കാര്‍ വയ്ക്കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 31നു ചേരുന്ന യു.ഡി.എഫ് യോഗം ബാക്കി തീരുമാനങ്ങളെടുക്കും. യുഡിഎഫിന്റെ പ്രക്ഷോഭത്തിനു ശക്തിപോരെന്നു കണ്ടാണോ ശക്തിപ്പെടുത്തണമെന്ന ആവശ്യം ലീഗ് ഉന്നയിക്കുന്നതെന്ന ചോദ്യത്തിനു ലീഗിന്റെ നിര്‍ദേശത്തെ ‘പോസിറ്റീവ്’ ആയി കണ്ടാല്‍ മതിയെന്ന മറുപടിയാണു കുഞ്ഞാലിക്കുട്ടി നല്‍കിയത്.

ജനുവരി 11,12 തീയതികളില്‍ 14 ജില്ലകളിലും ലീഗ് ദേശരക്ഷാ മാര്‍ച്ച് നടത്തുമെന്നു കെ.പി.എ.മജീദ് അറിയിച്ചു. സമരത്തില്‍ പ്രകോപനങ്ങള്‍ അരുതെന്നും ആ വഴി സ്വീകരിക്കുന്നവരെ ഒറ്റപ്പെടുത്തുകയാണു വേണ്ടതെന്നും യോഗം നിര്‍ദേശിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here