ന്യൂഡൽഹി: (www.mediavisionnews.in) കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറിലിരുത്തി കൊണ്ടു പോയ കോണ്‍ഗ്രസ് പ്രവർത്തകന് പിഴയിട്ട് യു.പി പൊലീസ്. ട്രാഫിക് നിയമലംഘനം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് 6100 രൂപ പിഴ ചുമത്തിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ റിട്ട.ഐപിഎസ് ഓഫീസറുടെ വീട് സന്ദർശിക്കാൻ പ്രിയങ്ക എത്തിയപ്പോഴായിരുന്നു സംഭവം.
കോൺഗ്രസ് നേതാക്കൾക്കൊപ്പം സ്ഥലത്തെത്തിയ പ്രിയങ്കയെ പൊലീസുകാർ തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് പ്രാദേശിക കോൺഗ്രസ് നേതാവായ ധീരജ് ഗുജ്ജറിനൊപ്പം പ്രിയങ്ക സ്കൂട്ടറിൽ കയറി ധാരാപുരിയുടെ വസതിയിലേക്ക് തിരിച്ചത്. എന്നാൽ ഇരുവരും ഹെല്‍മറ്റ് ധരിച്ചില്ലെന്നും ഗതാഗത നിയമലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടി പൊലീസ് പിഴ ചുമത്തുകയായിരുന്നു.
ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിന് 2500, അശ്രദ്ധമായ ഡ്രൈവിംഗിന് 2500, ഹെൽമറ്റ് ധരിക്കാത്തതിന് 500, ട്രാഫിക് നിയമം ലംഘിച്ചതിന് 300, തെറ്റായ നമ്പർ പ്ലേറ്റിന് 300 എന്നിങ്ങനെയാണ് 6100 രൂപ പിഴ ചുമത്തിയത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.